തദ്ദേശതിരഞ്ഞെടുപ്പ് ആദ്യഘട്ടത്തില്‍ 70 ലക്ഷം പേർ ഇതുവരെ വോട്ട് രേഖപ്പെടുത്തി. വോട്ട് രേഖപ്പെടുത്തുന്ന ഏഴു ജില്ലകളിലും പോളിങ് 50 ശതമാനം കടന്നു. എറണാകുളം ജില്ലയാണ് വോട്ടിങ് ശതമാനത്തിൽ മുന്നിൽ. ജില്ലയിൽ 57.09 ശതമാനം ഉച്ചക്ക് 2.34 വരെ വോട്ട് രേഖപ്പെടുത്തി. 50.00 ശതമാനം മാത്രം വോട്ടു ചെയ്ത തിരുവനന്തപുരമാണ് ഏറ്റവും പിന്നിൽ. കോർപ്പറേഷനുകളിൽ മന്ദഗതിയിലാണ് പോളിങ്. ഇതുവരെ തിരുവനന്തപുരം കൊല്ലം കൊച്ചി കോർപ്പറേഷനുകളിൽ 45 ശതമാനത്തിന് താഴെയാണ് പോളിങ്. പോളിങ് ശതമാനം ജില്ല തിരിച്ച്: തിരുവനന്തപുരം- 50.00, കൊല്ലം- 54.03, പത്തനംതിട്ട- 52.30, ആലപ്പുഴ- 56.46, കോട്ടയം- 54.22, ഇടുക്കി- 52.84, എറണാകുളം- 57.09. ആകെ 53.87 ശതമാനം
അതേസമയം, തിരുവനന്തപുരം വഞ്ചിയൂരില്‍ സിപിഎം ബിജെപി സംഘര്‍ഷം. രണ്ട് ബൂത്തുകളില്‍ കള്ളവോട്ടെന്ന് ബിജെപി ആരോപിച്ചു. ചോദ്യംചെയ്തപ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന് പരാതി. മര്‍ദിച്ചവരെ അറസ്റ്റുചെയ്യണമെന്ന് ആവശ്യം ബിജെപി പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നീ മൂന്നു കോര്‍പ്പറേഷനുകള്‍, 471 ഗ്രാമപഞ്ചായത്തുകള്‍, 75 ബ്ളോക്ക് പഞ്ചായത്തുകള്‍, 39 മുന്‍സിപ്പാലിറ്റികള്‍ എന്നിവയാണ് ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍. ആകെ 595 തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതാണ് ആദ്യഘട്ടം. 15,432 പോളിങ് സ്റ്റേഷനുകളിലായി 1.32 കോടി വോട്ടര്‍മാരാണുള്ളത്. 480 പ്രശ്നബാധിത ബൂത്തുകളുണ്ട്. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. വോട്ടര്‍മാര്‍ സ്ലിപ്പും തിരിച്ചറിയല്‍ രേഖകളിലൊന്നും കൈവശം കരുതണം. വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് ഏഴു ജില്ലകളിലും ഏര്‍പ്പെടുത്തിയിട്ടുള്ളത്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ 90 തദ്ദേശസ്ഥാപനങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 100 കോര്‍പറേഷന്‍ വാര്‍ഡുകളിലേക്കും നാലു മുന്‍സിലിറ്റിയിലേക്കും 28 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കും 73 ഗ്രാമപഞ്ചായത്തുകളിലേക്കും 11 ബ്ലോക്ക് പഞ്ചായത്തുകളിലേക്കുമാണ് വോട്ടെടുപ്പ്. സ്ഥാനാര്‍ഥി മരിച്ചതിനെ തുടര്‍ന്ന തിരുവനന്തപുരം കോര്‍പറേനിലെ വിഴിഞ്ഞം വാര്‍ഡിലേക്കുള്ള തിരഞ്ഞെടുപ്പ് മാറ്റിവെച്ചിട്ടുണ്ട് . ജില്ലയിലാകെ 3,254 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജമാക്കിയിരിക്കുന്നത്.
ആകെ 2,991 പുരുഷന്മാർ, 3,317 സ്ത്രീകൾ, ഒരു ട്രാൻസ്‌ജെൻഡർ ഉൾപ്പെടെ ആകെ 6,309 സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സരിക്കുന്നത്. നിലവില്‍ 51 സീറ്റുകളുമായി എല്‍ഡിഎഫാണ് കോര്‍പറേഷന്‍ ഭരിക്കുന്നത്. 26 അംഗ സീറ്റുള്ള ജില്ലാപഞ്ചായത്തില്‍ 21 സീറ്റുമായി എല്‍ഡിഎഫായിരുന്നു ഭരണത്തില്‍. ആറ്റിങ്ങല്‍ , നെടുമങ്ങാട് , നെയ്യാറ്റിന്‍കര , വര്‍ക്കല മുന്‍സിപാലിറ്റികളും നിലവില്‍ ഇടതുമുന്നണിക്കൊപ്പമാണ്. നെയ്യറ്റിന്‍കരയില്‍ യുഡിഎഫിന് രണ്ട് സീറ്റിനും, വര്‍ക്കലയില്‍ എന്‍ഡിഎയ്ക്ക് രണ്ട് സീറ്റിനുമാണ് കഴിഞ്ഞ തവണ ഭരണം നഷ്ടമായത്.
അതേസമയം വടക്കന്‍ കേരളത്തിലെ പരസ്യ പ്രചാരണത്തിന് ഇന്ന് (ചൊവ്വ) സമാപനമാകും. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ഏഴ് ജില്ലകളില്‍ വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. കണ്ണൂരിലെ 14 വാര്‍ഡുകളിലും കാസര്‍കോടെ രണ്ടിടത്തും എതിരില്ലാതെ സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുത്തതിനാല്‍ വോട്ടെടുപ്പില്ല. കാലാവധി കഴിയാത്തതിനാല്‍ കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ നഗരസഭയിലും വോട്ടെടുപ്പില്ല. 39,013 സ്ഥാനാര്‍ഥികളാണ് രണ്ടാംംഘട്ടത്തില്‍ ജനവിധി തേടുന്നത്. കഴിഞ്ഞതവണ എല്‍ഡിഎഫിനായിരുന്നു വടക്കന്‍ കേരളത്തില്‍ മേല്‍ക്കൈ.