suresh-pinarayi

തദേശ തിരഞ്ഞെടുപ്പ് ദിനത്തില്‍ സ്വര്‍ണക്കൊള്ള പ്രതിപക്ഷവും ബി.ജെ.പിയും മുഖ്യ ആയുധമായി ഉയര്‍ത്തുമ്പോള്‍ വികസന അകവാശവാദവും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസുമാണ് എല്‍.ഡി.എഫിന്‍റെ മറുപടി. ദിലീപിനെ പിന്തുണച്ചുള്ള യു.ഡി.എഫ് കണ്‍വീനറുടെ പ്രസ്താവന സര്‍ക്കാരിന് വീണ് കിട്ടിയ ആയുധവുമായി. കരുത്തോടെ മുന്നോട്ട് വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ യു.ഡി.എഫ് ഐതിഹാസികമായി തിരിച്ചുവരുമെന്നായിരുന്നു പ്രതിപക്ഷനേതാവിന്‍റെ പ്രതികരണം. ജനങ്ങള്‍ക്ക് ജീവിക്കാന്‍ വയ്യാത്ത അവസ്ഥയാണെന്ന് എ.കെ.ആന്‍റണിയും 2010നേക്കാള്‍ വലിയ വിജയമുണ്ടാകുമെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു. വിജയം ഉറപ്പെന്ന് എം.എ.ബേബിയും മൂന്നാം ഊഴത്തിന്‍റെ ആദ്യപടിയെന്ന് ബിനോയ് വിശ്വവും പറഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കുമെന്ന് സുരേഷ് ഗോപി അവകാശപ്പെട്ടു.

ഏഴ് മണിക്ക് തന്നെ വോട്ടിട്ട് പ്രതിപക്ഷനേതാവ് വോട്ടെടുപ്പ് ദിവസത്തെ ചര്‍ച്ചയ്ക്ക് തുടക്കമിട്ടു. സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രിയെ  ലക്ഷ്യമിട്ടുള്ള നീക്കം. രാഹുല്‍ മാങ്കൂട്ടത്തില്‍ കേസ് മൂലം സ്വര്‍ണക്കൊള്ള തിരഞ്ഞെടുപ്പ് ചര്‍ച്ചയില്‍ നിന്ന് മുങ്ങിപ്പോയോയെന്ന ആശങ്ക യു.ഡി.എഫ് ക്യാംപിനുണ്ടായിരുന്നു. അതുമാറ്റി, മുഖ്യആയുധം സ്വര്‍ണക്കൊള്ളയെന്ന് ഉറപ്പിക്കാനാണ് ശ്രമം. രമേശ് ചെന്നിത്തലയും അതേ പാതയില്‍. പതിവ് പോലെ തിരുവനന്തപുരത്തെ ജഗതി സ്കൂളില്‍ എം.എം.ഹസനൊപ്പം വോട്ടിടാനെത്തിയ എ.കെ.ആന്‍റണി സ്വര്‍ണക്കൊള്ള തൊട്ടില്ല. പകരം ജനങ്ങള്‍ക്ക് ജീവിക്കാന്‍ വയ്യെന്ന അവസ്ഥ ചൂണ്ടിക്കാട്ടി ഭരണമാറ്റത്തിന്‍റെ തുടക്കമെന്ന അവകാശവാദം.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ തിലകം ചാര്‍ത്തുമെന്ന പഞ്ച് ഡയലോഗുമായെത്തിയ സുരേഷ് ഗോപിയും ആയുധമാക്കിയത് ശബരിമല തന്നെ. കണ്ണൂരില്‍ വോട്ടെടുപ്പ് ഇന്നല്ലാത്തതിനാല്‍ മീറ്റ് ദ പ്രസിലായിരുന്നു വോട്ടെടുപ്പ് ദിനത്തിലെ മുഖ്യമന്ത്രിയുടെ മറുപടി. സ്വര്‍ണക്കൊള്ള തൊടാതെ ജയമെന്ന അവകാശവാദം. സ്വര്‍ണക്കൊള്ളയില്‍ എ.പത്മകുമാറും എന്‍.വാസുവും അടക്കമുള്ള സി.പി.എമ്മുകാരെ പിടിച്ച് ജയിലിലിട്ടത് അതിശക്തമായ നിലപാടാണെന്ന് പറഞ്ഞ് പ്രതിരോധിക്കാനാണ് ഇടത് ക്യാംപിന്‍റെ ശ്രമം. ഒമ്പതര വര്‍ഷത്തെ വികസനത്തിലൂന്നുന്ന ഇടതുപക്ഷം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസ് ഉയര്‍ത്തി യു.ഡി.എഫ് വിരുദ്ധ വോട്ടുകള്‍ക്ക് ശ്രമിക്കുന്നുണ്ട്.  വന്‍വിജയം സ്വപ്നം കാണുന്ന പോരാട്ടദിവസം ബി.ജെ.പി അധ്യക്ഷന്‍ അവകാശവാദങ്ങളൊന്നും ഉയര്‍ത്താതിരുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയാകുന്നുണ്ട്.

ENGLISH SUMMARY:

Kerala Local Body Election 2024 witnesses fierce political campaigns. The opposition focuses on the gold smuggling case while the ruling party emphasizes development and counters with the Rahul Mamkootathil case.