നടിയേ ആക്രമിച്ചകേസിലെ കോടതിവിധിയോടുള്ള പ്രതികരണത്തില്‍ കൈപൊള്ളി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് . വിമര്‍ശനം കടുത്തതോടെ നിലപാടില്‍ യുടേണെടുത്ത് തലയൂരി. ദിലീപുമായി അടുത്ത ബന്ധമാണുള്ളതെന്നും നീതികിട്ടിയെന്നുമായിരുന്നു അടൂര്‍ പ്രകാശിന്‍റെ ആദ്യപ്രതികരണം. സര്‍ക്കാര്‍ അപ്പീല്‍ പോകുന്നത് വേറെ പണിയില്ലാത്തതിനാലാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ രംഗത്തെത്തി . കെപിസിസി നേതൃത്വവും തള്ളിപ്പറഞ്ഞു. പിന്നാലയായിരുന്നു അടൂര്‍ പ്രകാശിന്‍റെ നിലപാടുമാറ്റം. താന്‍ അതിജീവിതക്കൊപ്പമാണെന്നും അവര്‍ക്ക് നീതികിട്ടണണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു
അടൂര്‍ പ്രകാശിന്‍റേത് പ്രതിപക്ഷ നിലപാടെന്ന് ഭരണപക്ഷം വ്യാഖ്യാനിച്ചു. നാടിന്‍റെ വികാരത്തിനെതിരായ പറച്ചിലെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. അടൂര്‍ പ്രകാശിന്‍റെ പ്രസ്താവനയിലുള്ളത് സ്ത്രീവിരുദ്ധതയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോപിച്ചു. പരാമര്‍ശം അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
പിന്നാലെ അടൂര്‍ പ്രകാശിനെ തിരുത്തി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് രംഗത്തെത്തി. വിധി സര്‍ക്കാരിന്‍റെ പരാജയമാണെന്നും അപ്പീല്‍ പോകണമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.