chenni-sabari

ശബരിമല സ്വർണ്ണക്കൊള്ളയിൽ  ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല. രാജ്യാന്തര  പുരാവസ്തു കള്ളക്കടത്ത് സംഘങ്ങൾക്ക് ശബരിമല സ്വർണ്ണ കൊള്ളയുമായി  ബന്ധമുണ്ടെന്ന് ആരോപിച്ച്  ചെന്നിത്തല കൂടുതൽ അന്വേഷണം നടന്നാൽ മന്ത്രിമാർ അകത്തു പോകുമെന്നും പറഞ്ഞു. അന്വേഷണം  ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല പ്രത്യേക അന്വേഷണ സംഘത്തിന് കത്ത് നൽകി. മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണ സംഘത്തിന് മേൽ സമ്മർദ്ദം ചെലുത്തുന്നുവെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. 

പുരാവസ്തുക്കൾ രാജ്യാന്തര കരിഞ്ചന്തയിൽ വിറ്റ ഇടപാടാണ് ശബരിമലയിൽ നടന്നതെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം. 500 കോടിയുടെ ഇടപാട് നടന്നുവെന്ന് അറിവ് കിട്ടിയെന്നാണ് ചെന്നിത്തലയുടെ വെളിപ്പെടുത്തൽ. വിശദവിവരങ്ങൾ വ്യക്തമാക്കിക്കൊണ്ട് രമേശ് ചെന്നിത്തല അന്വേഷണ ഉദ്യോഗസ്ഥന് കത്ത് കൈമാറി. ഇടപാടിന് പിന്നിൽ പ്രവർത്തിച്ച  മാഫിയയെ കുറിച്ച് അറിയാവുന്ന വ്യവസായിയാണ് ഇക്കാര്യം തന്നെ അറിയിച്ചത്.    അന്വേഷണം ഉറപ്പു നൽകിയാൽ വ്യവസായിയെ അന്വേഷണവുമായി സഹകരിപ്പിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

സംസ്ഥാനത്തെ ചില റാക്കറ്റുകൾക്കും കടത്തുമായി ബന്ധമുണ്ടെന്നും ചെന്നിത്തല ആരോപിക്കുന്നു. മുൻ ദേവസ്വം  മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യാതിരിക്കാൻ അന്വേഷണ സംഘത്തിന് മേൽ സമ്മർദ്ദം ഉണ്ടെന്ന് പ്രതിപക്ഷ നേതാവ്. തദ്ദേശ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ ബാക്കിയുള്ളപ്പോൾ ശബരിമല വിഷയത്തിന് മറ്റൊരു  മാനം നൽകുകയാണ് പുതിയ ആരോപണം.

ENGLISH SUMMARY:

Sabarimala gold scam allegations have surfaced, with Ramesh Chennithala accusing an international antique smuggling racket of involvement. He claims a 500-crore deal occurred and demands a thorough investigation, suggesting potential involvement of ministers.