രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ആക്കുന്ന സമയത്ത് താനുന്നയിച്ച പ്രശ്നങ്ങളൊന്നും പരിഗണിക്കപ്പെട്ടില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക എം.എ.ഷഹനാസ്. ഈ വിഷയം ഇന്നലെ പരസ്യമായി ഉന്നയിച്ച ശേഷം കോഴിക്കോട്ടെ പാര്‍ട്ടി വാട്സാപ് ഗ്രൂപ്പില്‍ നിന്ന് തന്നെ പുറത്താക്കി. പരാതിപ്പെടുന്നവരെ ഇല്ലാതാക്കാനുള്ള ശ്രമമാണിതെന്നും അമ്മയുടെ പ്രായമുള്ള മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലും രാഹുല്‍ വെറുതെവിട്ടിട്ടില്ലെന്നും ഷഹനാസ് പ്രതികരിച്ചു. 

തീര്‍ത്തും ക്രിമിനല്‍ സ്വഭാവമുള്ള വ്യക്തിയാണ് രാഹുല്‍ മാങ്കൂട്ടത്തിലെന്നും ഷഹനാസ് പറയുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നപ്പോള്‍ വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെല്ലാം സന്ദേശം അയച്ചതും തനിക്കറിയാം. പരാതിപ്പെട്ടാല്‍ ആക്രമിക്കപ്പെടുമെന്ന് പൂര്‍ണ ബോധ്യമുണ്ടായിരുന്നെന്നും രാഹുലിന്റെ അണികള്‍ തരുന്ന ഭീഷണികള്‍ വിദേശത്തുനിന്നുള്‍പ്പെടെയാണെന്നു ഷഹനാസ് പറയുന്നു. പക്ഷേ ഇതെല്ലാം താന്‍ പ്രതീക്ഷിച്ചിരുന്ന ആക്രമണമാണെന്നും  ഉന്നയിക്കുന്ന എല്ലാ പരാതികള്‍ക്കും തന്റെ കൈവശം തെളിവുകളുണ്ടെന്നും ഇവര്‍ മനോരമന്യൂസിനോട്  പറഞ്ഞു. 

ചാനലുകളിലൊക്കെ വന്ന് സംസാരിച്ച് രാഹുല്‍ പ്രശസ്തനാകുന്നതിനു മുന്‍പ് തന്നെ സ്ത്രീ വിഷയത്തില്‍ രാഹുലിന്റെ പെരുമാറ്റം എല്ലാവര്‍ക്കുമറിയാമായിരുന്നു. മുതിര്‍ന്ന നേതാക്കള്‍ ഇരകള്‍ക്കൊപ്പം നില്‍ക്കുമെന്ന് ഉറപ്പു പറഞ്ഞാല്‍ ഇനിയുമേറെ പരാതികള്‍ വരാനുള്ള സാധ്യതയുണ്ടെന്നും ഷഹനാസ്. 

കർഷക സമരത്തിൽ പങ്കെടുത്തു മടങ്ങിയെത്തിയ തനിക്ക് രാഹുൽ മോശം സന്ദേശങ്ങൾ അയച്ചുവെന്നും ഷഹനാസ് ഇന്നലെ ആരോപിച്ചിരുന്നു, ഇക്കാര്യം ഷാഫി പറമ്പിൽ എംഎൽഎയെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും ഷഹനാസ് വെളിപ്പെടുത്തി.

കർഷക സമരത്തിൽ പങ്കെടുത്ത് തിരികെ വന്നതിന് പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ തനിക്ക് മോശം സന്ദേശം അയച്ചതെന്ന് ഷഹനാസ് പറയുന്നു. ‘ഒരുമിച്ച് ഡൽഹിക്ക് പോകാമായിരുന്നല്ലോ’ എന്ന തരത്തിലുള്ള സന്ദേശമാണ് രാഹുൽ അയച്ചതെന്നാണ് പ്രധാന ആരോപണം. ഇത് തികച്ചും അനുചിതവും മോശം ഉദ്ദേശ്യത്തോടെയുള്ളതുമായിരുന്നുവെന്ന് ഷഹനാസ് കൂട്ടിച്ചേർത്തു.

ENGLISH SUMMARY:

Rahul Mankootathil controversy involves serious allegations made by Congress worker M.A. Shahanas. The allegations include inappropriate messages and lack of action by party leaders, raising concerns about the treatment of women within the Kerala Congress.