രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ശക്തമായ നടപടി വേണമെന്ന് കോണ്‍ഗ്രസ് അച്ചടക്കസമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മനോരമ ന്യൂസിനോട്. കുറ്റം ആവര്‍ത്തിക്കുന്നു, ഇത് നീതീകരിക്കാവുന്നതല്ല. നടപടി മാതൃകാപരമായിരിക്കണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
ഒരു കാരണവശാലും ഇതുപോലെയുള്ള ഒരു കാര്യം പാർട്ടിക്കകത്ത് പ്രോത്സാഹിപ്പിക്കുവാൻ കഴിയില്ലെന്ന് തിരുവഞ്ചൂര്‍ വ്യക്തമാക്കി. അതിന് നല്ല രൂപത്തിൽ നടപടി എടുക്കണം എന്ന് തന്നെയാണ് എന്‍റെ അഭിപ്രായം. ഇതുപോലെയുള്ള ഒരു നടപടി ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ഉൾക്കൊള്ളാൻ സാധ്യമല്ല. അതുകൊണ്ട് തന്നെ നടപടി കടുത്തതും, മാതൃകാപരവുമായിരിക്കണമെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.
ഒരു ഭാഗത്ത് ഒരു തെറ്റ് വന്നാൽ അതിനോട് നമ്മൾ എങ്ങനെ പ്രതികരിക്കുന്നു എന്നുള്ളത് പ്രധാനമാണ്. ഇക്കാര്യത്തില്‍ ഇതുവരെ മാതൃകാപരമായ സമീപനമാണ് പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് ഉണ്ടായത്. പക്ഷേ തെറ്റ് ആവര്‍ത്തിക്കുന്ന സാഹചര്യമുണ്ടായതിനാല്‍ നിലവിലേ നടപടിക്ക് അപ്പുറത്തേക്ക് കടക്കേണ്ടിവരും. അതില്‍ തീരുമാനം പാര്‍ട്ടി നേതൃത്വമാണ് എടുക്കേണ്ടതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ വിഷയത്തില്‍ പാര്‍ട്ടി ഉചിതമായ സമയത്ത് തീരുമാനം എടുക്കുമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍. പാര്‍ട്ടി ഒരുഘട്ടത്തിലും രാഹുലിനെ സംരക്ഷിച്ചിട്ടില്ലെന്നും ജെബി ഡല്‍ഹിയില്‍ പറഞ്ഞു.
രാഹുലിനെ ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ തന്നെയാണ് സംരക്ഷിക്കുന്നതെന്ന് മന്ത്രി വി.ശിവന്‍കുട്ടി ആരോപിച്ചു. രാഹുലിനെതിരെ സമരം നടത്തി സമരത്തിന്‍റെ അര്‍ഥം കളയാനില്ല. പൊലീസ് അവരുടെ ജോലി ചെയ്യുന്നുണ്ടെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലഭിച്ച പുതിയ ബലാത്സംഗ പരാതിയിൽ അന്വേഷണം ഇന്ന് പ്രഖ്യാപിച്ചേക്കും. 23കാരിയായ വിദ്യാർഥിനിയാണ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് ആരോപിച്ച് കെ.പി.സി.സി പ്രസിഡന്റിന് പരാതി നൽകിയത്. പ്രസിഡന്റ് സണ്ണി ജോസഫ് പരാതി ഡിജിപിക്ക് കൈമാറിയിരുന്നു. പരാതിയിൽ പെൺകുട്ടിയുടെ പേരോ മേൽവിലാസമോ ഇല്ലാത്തതിനാൽ ആളെ കണ്ടെത്താൻ പൊലീസിനെ സാധിച്ചിട്ടില്ല. ഇ–മെയിൽ കേന്ദ്രീകരിച്ച് അന്വേഷിച്ച് ആളെ കണ്ടെത്താനാണ് ആലോചന. ഇതിനായി പരാതി ഡിജിപി കീഴ് ഉദ്യോഗസ്ഥർക്ക് കൈമാറും. പെൺകുട്ടി രേഖാമൂലം മൊഴി നൽകാൻ തയ്യാറാണെങ്കിൽ പുതിയൊരു കേസെടുത്ത് അന്വേഷിക്കാനാണ് ആലോചിക്കുന്നത്. ഇതിൽ ഇന്ന് അന്തിമ തീരുമാനം ഉണ്ടാകും.