shafi-rahul

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് എതിരായ പുതിയ പീഡന പരാതി സംബന്ധിച്ച് പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. സിപിഎം കൈകാര്യം ചെയ്യുന്ന പോലെയല്ല നിയമപരമായി തന്നെയാണ് ഈ വിഷയത്തിൽ കോൺഗ്രസ് കാര്യങ്ങൾ ചെയ്യുന്നതെന്ന് ഷാഫി മാധ്യമങ്ങളോട് പറഞ്ഞു. 

‘വിഷയത്തില്‍ കെപിസിസി ഒരു നിലപാട് എടുത്തിട്ടുണ്ട്. പരാതിയിൽ കോൺഗ്രസ്‌ അല്ല അന്വേഷണം നടത്തുന്നത്. വന്ന പരാതി ഉടൻ പൊലീസിന് കൈമാറി. സിപിഎം കൈകാര്യം ചെയ്യുന്ന പോലെ അല്ല നിയമപരമായി തന്നെയാണ് കോണ്‍ഗ്രസ് കാര്യങ്ങൾ ചെയ്യുന്നത്’ ഷാഫി പറമ്പിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.  ശബരിമല സ്വര്‍ണക്കൊള്ളയിൽ ജയിലിൽ കിടക്കുന്ന നേതാക്കൾക്കെതിരെ സിപിഎം എന്ത് നടപടി എടുത്തുവെന്നും ഷാഫി പറമ്പിൽ ചോദിച്ചു. ഒരു കാരണം കാണിക്കൽ നോട്ടീസ് പോലും സിപിഎം നൽകിയില്ലെന്നും ഷാഫി വിമര്‍ശിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പുതിയ പരാതി പാർട്ടി ചർച്ച ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതികരിച്ചു. പരാതി വന്ന ഉടന്‍ കെപിസിസി പ്രസിഡന്‍റ് അത് ഡിജിപിക്ക് കൈമാറി. ഇതിനേക്കാൾ മാതൃകാപരമായി ഒരു പാർട്ടി എന്ത് ചെയ്യുമെന്ന് സതീശൻ ചോദിച്ചു. കോൺഗ്രസ് തല ഉയർത്തിയാണ് തന്നെയാണ് നിൽക്കുന്നത്. ഇങ്ങനെ നിലപാടെടുത്ത ഒരു പാർട്ടി കേരളത്തിൽ ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ സതീശന്‍ സിപിഎം പാർട്ടി സെക്രട്ടറിക്ക് മുൻപ് കിട്ടിയ പരാതികൾ പൊലീസിൽ പോലും എത്തിയിട്ടില്ലെന്നും പരിഹസിച്ചു. 

ENGLISH SUMMARY:

Shafi Parambil reacts to Rahul Mamkootathil's new harassment complaint. The Congress party is handling the matter legally, unlike the CPM, and has already handed over the complaint to the police for investigation.