തിരുവനന്തപുരം നേമത്ത് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്‍റെ സ്ഥാനാര്‍ഥി പ്രഖ്യാപനം. ഇതോടെ നേമം നിയോജക മണ്ഡലത്തിലെ വാര്‍ഡുകളില്‍ മാത്രമല്ല മറ്റിടങ്ങളിലും പ്രവര്‍ത്തകര്‍ക്ക് ശക്തമായ സന്ദേശം നല്‍കുകയാണ് അദ്ദേഹം. രണ്ടാംഘട്ടത്തില്‍ത്തന്നെ തിരഞ്ഞടുപ്പ് പ്രചാരണത്തിന്‍റെ പൂര്‍ണചുമതല അദ്ദേഹം ഏറ്റെടുത്തിരുന്നു
നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യ സ്ഥാനാര്‍ഥി പ്രഖ്യാപനം കൂടിയായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്‍റേത്. 2016 ല്‍ ബി.ജെ.പി ആദ്യമായി ജയിച്ച നേമത്ത് 2021 തോല്‍വിയായിരുന്നു ഫലം. നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കുന്നതിന് ഇപ്പൊഴേ പ്രവര്‍ത്തനം തുടങ്ങണമെന്ന സന്ദേശം കൂടിയാണ് രാജീവ് ചന്ദ്രശേഖര്‍ നല്‍കിയത്. തിരുമല അനിലിന്‍റെയും ആനന്ദ് തമ്പിയുടെയും ആത്മഹത്യ, സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷിനെതിരെ ഉയര്‍ന്ന ആരോപണം എന്നിവയ്ക്കുപുറമെ ബി.ജെ.പിയിലെ ഗ്രൂപ്പ് ഭിന്നതകളും ചിലയിടങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മങ്ങലേല്‍പ്പിച്ചുവെന്ന വിലയിരുത്തലിലാണ് സംസ്ഥാന അധ്യക്ഷന്‍ തുറുപ്പുചീട്ടിറക്കിയത്.
തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നോടിയായി ബി.ജെ.പി നേതാക്കള്‍ നയിച്ച പദയാത്രയുടെ ഭാഗമായി, രാജീവ് ചന്ദ്രശേഖറിന്‍റെ പര്യടനം നേമം മണ്ഡലത്തിലൂടെയായിരുന്നു. എങ്കിലും അദ്ദേഹം നിയമസഭാ തിരഞ്ഞടുപ്പില്‍ മല്‍സരിക്കുമെന്ന് പരസ്യമായി എവിടെയും പറഞ്ഞിരുന്നില്ല. രാജീവിന്‍റെ സ്ഥാനര്‍ഥി പ്രഖ്യാപനം തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന വാര്‍ഡുകളിലെ പ്രവര്‍ത്തനവും കൂടുതല്‍ ശക്തമാക്കുമെന്നാണ് വിലയിരുത്തല്‍. 2016 ല്‍ ഒ. രാജഗോപാല്‍ 8,671 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വി.ശിവന്‍കുട്ടിയെ പരാജയപ്പെടുത്തയത്. എന്നാല്‍ 2021 ല്‍ ശിവന്‍കുട്ടി 3,049 വോട്ടിന് കുമ്മനംരാജശേഖരനെ തോല്‍പ്പിക്കുകയായിരുന്നു. 2026 ല്‍ രാജീവ് ചന്ദ്രശേഖര്‍ ഇവിടെ മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് ശരിക്കും സെമിഫൈനല്‍ തന്നെയാകുന്നു