ഒൻപത് വയസു മുതലുള്ള രാഷ്ട്രീയ അനുഭവങ്ങൾ എഎെ വിഡിയോ ആക്കി സ്ഥാനാർഥിയുടെ പ്രചാരണം. പത്തനംതിട്ട തുമ്പമണ്ണിലെ കോൺഗ്രസ് സ്ഥാനാർഥി രഞ്ജു എം.ജോയി ആണ് എഐ പ്രചാരണം പരീക്ഷിക്കുന്നത്. രാഷ്രീയത്തിൽ വഴികാട്ടിയവരും വിഡിയോയിൽ ഉണ്ട്.
ഒൻപതാം വയസിൽ തുമ്പമണ്ണിലെ കോൺഗ്രസ് നേതാവ് സഖറിയ വർഗീസ് വോട്ട് ചോദിച്ചു വരുന്നിടത്താണ് വിഡിയോയുടെ തുടക്കം. വിജയത്തിന് വേണ്ടി പ്രാർഥിക്കണം എന്ന് പറഞ്ഞ സ്ഥാനാർഥി ഷാളും അണിയിച്ചു. പോസ്‌റ്റർ പതിച്ചും വിവിധ സമരങ്ങൾക്ക് നേതൃത്വം നൽകിയും യൂത്ത് കോൺഗ്രസ് ജില്ലാ നേതൃപദവിവരെ എത്തുന്നതും ശബരിമല സമരത്തിന്റെ പേരിൽ ജയിലിലടയ്ക്കപ്പെടുന്നതും വിഡിയോയിലുണ്ട്. അന്തരിച്ച കോൺഗ്രസ് നേതാവ് എം.ജി കണ്ണനേയും വിഡിയോയിൽ കാണാം.
കന്നി മൽസരം പന്തളം ബ്ലോക്ക് പഞ്ചായത്ത് തുമ്പമൺ ഡിവിഷനിൽ ആണ്. കോൺഗ്രസ് സ്ഥാനാർഥികളുടെ പദയാത്രയിലാണ് രഞ്ജുവിനെ കണ്ടത്. ആദ്യം കണ്ട രാഷ്ട്രീയ നേതാവും ഇപ്പോൾ തുമ്പമൺ പഞ്ചായത്ത് 11-ാം വാർഡ് സ്ഥാനാർഥിയുമായ സഖറിയ വർഗീസും ഒപ്പമുണ്ട്. തന്നെ കണ്ട് ഞെട്ടിയെന്ന് സഖറിയ വർഗീസ്. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റാണ് രഞ്ജു എം. ജോയി. പരീക്ഷണം വോട്ടർമാർക്കും കൗതുകമാണ്.