കഴിഞ്ഞ 38 വർഷമായി നിരവധി സ്ഥാനാർഥികൾക്കായി ചുവരെഴുതിയിട്ടുള്ള മാവേലിക്കര തഴക്കര സ്വദേശി അജി നിറം ഇത്തവണ ചുവരെഴുതുന്നത് സ്വന്തം പ്രചരണത്തിനാണ്. വീട് കയറി വോട്ട് തേടുന്നതിനിടെയുള്ള നേരമാണ് സ്ഥാനാർഥി അജി തന്റെ കലയ്ക്കായി മാറ്റിവെച്ചിരിക്കുന്നത്.
തഴക്കര പഞ്ചായത്തിലെ 3-ാം വാർഡിലെ ഇടതു സ്ഥാനാർത്ഥി അജിയുടെ പേരിനൊപ്പം തന്നെ നിറമുണ്ട്. ഈ നിറത്തിന് 38 വർഷത്തെ കഥയുണ്ട്. പാർട്ടിയും ചിഹ്നവും സ്ഥാനാർത്ഥിയും മാറിയാലും കലയിൽ കക്ഷിരാഷ്ട്രീയമില്ലെന്ന് പറയുന്ന നിറം.
സമയം കിട്ടുമ്പോഴൊക്കെ ചുമരെഴുതും. സുഹൃത്തുക്കൾ സഹായിക്കും. തൻ്റെ പേര് ഫ്രീ ഹാൻഡ് ലെറ്ററിൽ എഴുതാനാണ് ഇഷ്ടമെന്ന് അജി. അമ്മ കുഞ്ഞമ്മയും ഭാര്യ ജയലേഖയും രണ്ടു മക്കളും അടങ്ങുന്ന കുടുംബം പൂർണ്ണ പിന്തുണ നൽകി കൂടെയുണ്ട്.