മലപ്പുറം പൊന്‍മുണ്ടം ഗ്രാമപഞ്ചായത്തില്‍ മുസ്്ലീം ലീഗിനെ വെല്ലുവിളിച്ച് സിപിഎമ്മുമായി ചേര്‍ന്ന് പ്രചാരണവുമായി കോണ്‍ഗ്രസ്. യുഡിഎഫ് സംവിധാനം മറന്ന് കടുത്ത ഭാഷയിലാണ് മുസ്്ലീം ലീഗും കോണ്‍ഗ്രസും പരസ്പരം കടന്നാക്രമിക്കുന്നത്.
കഴിഞ്ഞ 15 വര്‍ഷമായി തുടരുന്ന മുസ്്ലീം ലീഗിനെ ഭരണത്തില്‍ നിന്ന് താഴേയിറക്കാനുളള ഓട്ടത്തിലാണ് കോണ്‍ഗ്രസ്. ആകെയുളള 18 വാര്‍ഡുകളില്‍ 12 ഇടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്നുണ്ട്. ശത്രുവിന്‍റെ ശത്രുവിനെ മിത്രമാക്കി സിപിഎമ്മിനേയും ഒപ്പം കൂട്ടി.കോണ്‍ഗ്രസ് മല്‍സരിക്കാത്ത ബാക്കി സീറ്റുകളില്‍ സിപിഎം സ്ഥാനാര്‍ഥിയുണ്ട്.
സിപിഎം–കോണ്‍ഗ്രസ് സഖ്യത്തെ ഇപ്രാവശ്യവും തകര്‍ക്കുമെന്ന് പ്രഖ്യാപിച്ചാണ് ലീഗിന്‍റെ പ്രചാരണം. 18 വാര്‍ഡുകളിലും ലീഗ് സ്ഥാനാര്‍ഥികളാണ് മല്‍സരിക്കുന്നത്. സംസ്ഥാന, ജില്ല നേതാക്കളുടെ ആശീര്‍വാദത്തോടെയാണ് പൊന്‍മുണ്ടത്തെ കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനമെന്നാണ് ലീഗ് വാദം. കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് സിപിഎം 4 വാര്‍ഡുകളിലും സിപിഐ ഒരു വാര്‍ഡിലും ടീം പൊന്‍മുണ്ടം ഒരു വാര്‍ഡിലും മല്‍സരിക്കുന്നുണ്ട്.