രാഹുല്‍ മാങ്കൂട്ടത്തിലിനുള്ള പിന്തുണ ആവര്‍ത്തിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ . രാഹുലിനൊപ്പം വേദി പങ്കിടുമെന്ന് കെ.സുധാകരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. തെളിവുകള്‍ ഉണ്ടാക്കാന്‍ ആര്‍ക്കും പറ്റും. അതുവിശ്വസിച്ച് രാഷ്ട്രീയപ്രവര്‍ത്തകനെ തളര്‍ത്താനില്ല. തെറ്റ് തിരുത്തിച്ച് കൂടെ നിര്‍ത്തുകയാണ് ചെയ്യേണ്ടതെന്നും രാഷ്ട്രീയത്തില്‍നിന്ന് മാറ്റിനിര്‍ത്താന്‍ ഒരിക്കലും പറയില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു.
Also Read: 'പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കരുതെന്നാണ് നിര്‍ദ്ദേശം; പ്രചാരണം തുടരും'
അതേസമയം, വിവാദങ്ങൾ പുകയുമ്പോഴും പാലക്കാട്ട് പ്രചരണം തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. കാൽകുത്തി നടക്കാൻ കഴിയുന്നിടത്തോളം കാലം പ്രചരണത്തിന് ഇറങ്ങുമെന്നു രാഹുല്‍ പറഞ്ഞു. രാഹുല്‍ പ്രചരണത്തിൽ ഇറങ്ങുന്നതിൽ തെറ്റില്ലെന്ന് കെ. മുരളീധരനും പ്രതികരിച്ചു.
നഗരസഭയിലും കണ്ണാടി, പിരായിരി പഞ്ചായത്തുകളിലും യു.ഡി.എഫ് സ്ഥാനാർഥികൾക്കു വേണ്ടി വീടുകൾ കയറി പ്രചരണത്തിലാണ് രാഹുൽ. ഇന്ന് കൽമണ്ഡപത്തും പ്രചരണം തുടർന്നു.
ജില്ലയിൽ നിന്നുള്ള നേതാക്കളും രമേശ് ചെന്നിത്തല അടക്കമുള്ളവരും അതൃപ്തി അറിയിച്ചിട്ടും തുടരാനാണ് എംഎല്‍എയുടെ തീരുമാനം
രാഹുൽ പ്രചരണത്തിലിറങ്ങുന്നതിൽ ജില്ലാ നേതൃത്വമാണ് വിശദീകരിക്കേണ്ടതെന്നായിരുന്നു ഇന്നലെ കെ.സി വേണുഗോപാലിന്റെ പക്ഷം. നിലവിൽ സസ്പെൻഷനിലുള്ള രാഹുൽ പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നില്ല. പാലക്കാട് നഗരസഭയിൽ ഭരണം മാറ്റം ലക്ഷ്യം വെക്കുന്ന ഡിസിസിയ്ക്ക് രാഹുലിന്റെ സാന്നിധ്യവും രാഹുലിനെ ചൊല്ലിയുള്ള വിവാദങ്ങളും തലവേദനയാകുന്നുണ്ട്.