ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിപിഎമ്മിനും പത്മകുമാറിനുമെതിരെ വിമര്‍ശനവുമായി പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍. അയ്യപ്പന്‍റെ പൊന്നു കട്ട കേസിൽ എസ്.ഐ.ടി അറസ്റ്റ് ചെയ്ത പത്മകുമാറിന് എതിരെ സിപിഐഎം നടപടി എടുത്തോ എന്ന ചോദ്യത്തില്‍ ആരംഭിക്കുന്ന പോസ്റ്റില്‍  നടപടി എടുക്കാത്തതിന്‍റെ കാരണം അയ്യപ്പന്‍റെ പൊന്നു കട്ടത് പത്മകുമാർ ഒറ്റയ്ക്കല്ലെന്നും നടപടി എടുത്താല്‍ പത്മകുമാർ പാർട്ടിയിലെ ദൈവതുല്യന്‍റെ പേര് പറയുമെന്നും ആരോപണമുണ്ട്. 

പത്മകുമാറിന്‍റെ ദൈവം ആരാണെന്നും ദേവഗണങ്ങൾ ആരൊക്കെയാണെന്നും പത്തനംതിട്ടക്കാർക്ക് നന്നായിട്ട് അറിയാം. എസ്.ഐ.ടി   വിജയന്‍റ  നിയന്ത്രണത്തിൽ അല്ല ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നിയന്ത്രണത്തിലാണ്, അതിനാൽ എസ്.ഐ.ടി ആഗ്രഹിച്ചാലും ശ്രമിച്ചാലും പത്മകുമാറിന്‍റെ അറസ്റ്റ് ഒഴിവാക്കാൻ കഴിയില്ല. അല്ലെങ്കിൽ കടകംപള്ളിയേം വാസവനെയും സഹായിക്കുന്ന എസ്.ഐ.ടി പത്മകുമാറിനെയും സഹായിക്കുമാരുന്നു. അയ്യപ്പന്‍റെ പൊന്നു കട്ടവർക്ക് ജനം മാപ്പ് തരില്ല എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്. 

രാഹുലിനെതിരെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ സിപിഎം അടക്കമുള്ള എതിര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് രംഗത്തുവന്നിരുന്നു. രാഹുലിനെതിരെ സസ്പെന്‍ഷന്‍ മാത്രം പോരെന്നും ഇപ്പോഴെടുത്ത നടപടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടല്‍ ആണെന്നും ആക്ഷേപം ഉണ്ട്. ഇതിനിടയിലാണ് മുന്‍ എം.എല്‍.എ കൂടിയായ പത്മകുമാറിനെ എസ്.ഐ.ടി അറസ്റ്റ് ചെയ്തിട്ടും പാര്‍ട്ടി നടപടിയെടുക്കാത്തതിനെ ചോദ്യം ചെയ്തുള്ള രാഹുലിന്‍റെ പോസ്റ്റ്. 

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

അയ്യപ്പന്‍റെ പൊന്നു കട്ട കേസിൽ SIT അറസ്റ്റ് ചെയ്ത പത്മകുമാറിന് എതിരെ CPIM നടപടി എടുത്തോ? എടുത്തില്ല… നടപടി എടുക്കാത്തതിന്റെ കാരണം അയ്യപ്പന്റെ പൊന്നു കട്ടത് പത്മകുമാർ ഒറ്റയ്ക്കല്ല. പത്മകുമാറിന് എതിരെ നടപടി എടുത്താൽ പത്മകുമാറിന്റെ നാവ് പൊന്തും. ആ നാവ് അനക്കിയാൽ പത്മകുമാർ പാർട്ടിയിലെ ദൈവതുല്യന്റെ പേര് പറയും. പത്മകുമാറിന്റെ ദൈവം ആരാണെന്നും ദേവഗണങ്ങൾ ആരൊക്കെയാണെന്നും പത്തനംതിട്ടക്കാർക്ക് നന്നായിട്ട് അറിയാം.

 

പത്മകുമാറിൽ നിന്ന് ദേവസ്വം മന്ത്രിയുടെയോ മുൻ മന്ത്രിയുടെയോ പേര് SIT ക്ക് കിട്ടിയാൽ മാത്രമേ CPIM പത്മകുമാറിന് എതിരെ നടപടി എടുക്കൂ. പത്മകുമാറിനെ SIT അറസ്റ്റ് ചെയ്തതിന്റെ ക്രെഡിറ്റ് മുഖ്യമന്ത്രിക്ക് കൊടുക്കാൻ വിജയൻ സേനാ വല്ലാതെ കഷ്ടപ്പെടുന്നുണ്ട്. അല്ലയോ സേനാംഗങ്ങളെ, SIT ശ്രീ വിജയന്റെ നിയന്ത്രണത്തിൽ അല്ല ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നിയന്ത്രണത്തിലാണ്, അതിനാൽ SIT ആഗ്രഹിച്ചാലും ശ്രമിച്ചാലും പത്മകുമാറിന്റെ അറസ്റ്റ് ഒഴിവാക്കാൻ കഴിയില്ല. അല്ലെങ്കിൽ കടകംപള്ളിയേം വാസവനെയും സഹായിക്കുന്ന SIT പത്മകുമാറിനെയും സഹായിക്കുമാരുന്നു. അയ്യപ്പന്റെ പൊന്നു കട്ടവർക്ക് ജനം മാപ്പ് തരില്ല… സ്വാമി ശരണം

ENGLISH SUMMARY:

Sabarimala Gold Theft is the main focus of this article. Palakkad MLA Rahul Mamkootathil criticizes CPM and Padmakumar regarding the Sabarimala gold theft.