തിരുവനന്തപുരം കോർപറേഷനിൽ എൽ.ഡി.എഫും യുഡിഎഫും നേരിടുന്ന പ്രധാന പ്രതിസന്ധിയാണ് വിമതരുടെ രംഗപ്രവേശമാണ്. മുൻ ജനപ്രതിനിധികളും ഭാരവാഹികളുമായ അഞ്ചു പേരാണ് സി.പി.എം വിമതരെങ്കിൽ, ലീഗിനും ആർ.എസ്.പിക്കും നൽകിയ വാർഡുകളിൽ ഉൾപ്പെടെയാണ് കോൺഗ്രസ് നേതാക്കൾ വിമതരായുള്ളത്. ഇന്ന് വൈകിട്ട് മൂന്നിന് ഉള്ളിൽ വിമതർ പത്രിക പിൻവലിച്ചില്ലെങ്കിൽ മത്സരം കടുക്കും. അതേസമയം, പിൻവാങ്ങുന്ന പ്രശ്നമില്ലെന്ന് തലസ്ഥാനത്തെ വിമതർ എല്ലാം മനോരമന്യൂസിനോട് വ്യക്തമാക്കി.
കണ്ണുരുട്ടിയും വടിയെടുത്തും കൈപിടിച്ച് സമാധാനിപ്പിച്ചും വിമതരെ പിന്തരിപ്പിക്കാനുള്ള അവസാനവട്ട ശ്രമങ്ങൾ മുന്നണികൾ തുടരുകയാണ്. ഇതുവരെ നടത്തിയ ശ്രമങ്ങൾ ഒന്നും വിജയം കണ്ടിട്ടില്ലെന്ന് വ്യക്തമാകുന്നതാണ വിമരുട വാക്കുകൾ. ഉള്ളൂരിൽ പത്രിക നൽകിയ ദേശാഭിമാനി മുൻ ബ്യൂറോ ചീഫ് കെ.ശ്രീകണ്ഠനെയും ചെമ്പഴന്തിയിലെ ആനി അശോകിനെയും പാർട്ടി പുറത്താക്കി. പാർട്ടി നടപടിയെടുക്കാത്ത മറ്റ് മൂന്ന് വിമതരും പിന്നോട്ടില്ല.
വിഴിഞ്ഞത്തെ കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവ് ഉൾപ്പെടെ രണ്ടുവിമതർ. അതിനെക്കാൾ തലവേദന ലീഗ് മത്സരിക്കുന്ന പൌണ്ടുകടവിലും ആർ.എസ്.പിക്ക് നൽകിയ പുഞ്ചക്കരിയിലെയും കോൺഗ്രസ് പ്രാദേശിക ഘടകങ്ങളുടെ പിന്തുണയോടെ ഇറങ്ങിയ വിമതരാണ്.