ലൈംഗികാരോപണ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് കുരുക്കായി ഓഡിയോയും വാട്സാപ് ചാറ്റും പുറത്ത് വന്നതിന് പിന്നാലെ ഒളിയമ്പുമായി സിപിഎം നേതാവ് പി.സരിന്‍. 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയിലെ റിവഞ്ച് സീന്‍ ചിത്രം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചു. കോൺഗ്രസുകാരായ പെൺകുട്ടികൾക്കും സ്ത്രീകൾക്കും പരീക്ഷിക്കാവുന്ന ചില ചികിത്സാ രീതികൾ എന്ന കുറിപ്പോടെയായിരുന്നു സരിന്‍റെ പരിഹാസം.

സിനിമയിലെ നായികയായ ടെസ എന്ന കഥാപാത്രം പ്രതിനായകനായ സിറിലിനെ മയക്കിക്കടത്തി ലിംഗം മുറിച്ചുമാറ്റുന്ന രംഗമാണ് സരിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിച്ചിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച് തന്നെ കേസില്‍ കുടുക്കിയ സിറിലിനോട് ടെസ നടത്തുന്ന പ്രതികാരമാണിത്. കോൺഗ്രസുകാരായ പെൺകുട്ടികൾക്കും സ്ത്രീകൾക്കും ഇതുപോലെ ചില ചികിത്സാ രീതികൾ പരീക്ഷിക്കാം എന്നാണ് സരിന്‍റെ പോസ്റ്റില്‍ പറയുന്നത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പെണ്‍കുട്ടിയെ ഗര്‍ഭധാരണത്തിനും പിന്നീട് ഗര്‍ഭഛിദ്രത്തിനും നിര്‍ബന്ധിക്കുന്ന രീതിയിലുള്ള ഓഡിയോയും വാട്‌സാപ്പ് ചാറ്റുമാണ് ഇന്ന് പുറത്തുവന്നത്. കുട്ടിവേണമെന്ന് രാഹുല്‍ മാങ്കൂട്ടത്തിലാണ് നിര്‍ബന്ധം പിടിച്ചതെന്ന് പെണ്‍കുട്ടിയടെ ശബ്ദരേഖയിലുണ്ട്. രാഹുല്‍ കുട്ടിയെ വേണമെന്ന് ആവശ്യപ്പെടുന്നതായാണ് പുറത്തുവന്ന വാട്ട്സ് ആപ്പ് ചാറ്റും. യുവതി സങ്കടം പറയുമ്പോള്‍ ‘നീയെന്തിനാണ് ഡ്രാമ കളിക്കുന്നത്’ എന്നുപറഞ്ഞ് രാഹുല്‍ ക്ഷുഭിതനാകുന്നതും ഓഡിയോയിലുണ്ട്.  

നേരത്തെ രാഹുല്‍ മാങ്കൂട്ടത്തിന്‍റെ പുറത്തുവന്ന ഓഡിയോയും വാട്സാപ് ചാറ്റുകള്‍ വന്‍ വിവാദത്തിനാണ് തിരികൊളുത്തിയത്. ഇതിന്‍റെ  അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് രാഹുലിനെതിരെ കേസെടുത്തിരുന്നു. അഞ്ചുപേര്‍ ഇ മെയില്‍ വഴി പൊലീസ് ആസ്ഥാനത്തേക്ക് അയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ആരോപണങ്ങള്‍ക്ക് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്ന് മാറ്റിനിര്‍ത്തിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രാഹുല്‍ മാങ്കൂട്ടത്തില്‍ സജീവമായതിന് പിന്നാലെയാണ് വീണ്ടും ഓഡിയോയും വാട്സാപ് ചാറ്റും പുറത്തുവന്നിരിക്കുന്നത്.

ENGLISH SUMMARY:

Rahul Mamkootathil is facing a sexual allegation case. An audio clip and WhatsApp chat have been released, and a CPM leader has responded with criticism.