അട്ടപ്പാടി അഗളിയില്‍ വിമത സ്ഥാനാര്‍ഥിയുടെ പത്രിക പിന്‍വലിക്കാന്‍ വധഭീഷണിയുമായി സിപിഎം. സിപിഎം മുന്‍ ഏരിയ സെക്രട്ടറിയും സ്വതന്ത്രസ്ഥാനാര്‍ഥിയുമായ വി.ആര്‍. രാമകൃഷ്ണനെയാണ് സിപിഎം ലോക്കല്‍ സെക്രട്ടറി ജംഷീര്‍ ഭീഷണിപ്പെടുത്തിയത്. ഭീഷണിയുടെ ശ്ബദരേഖ മനോരമ ന്യൂസിന് ലഭിച്ചു. പത്രിക പിന്‍വലിച്ചില്ലെങ്കില്‍ തട്ടിക്കളയുമെന്ന് സിപിഎം നേതാവ് പറയുന്നത് ശബ്ദരേഖയില്‍ വ്യക്തമാണ്.
' ഞങ്ങൾ തന്നെ നിങ്ങളെ കൊല്ലേണ്ടി വരും. ഇപ്പോൾ സ്നേഹത്തോടെയാണ് സംസാരിക്കുന്നത് ഇനി അത് പറ്റില്ല. പത്രിക പിൻവലിച്ചില്ലെങ്കിൽ തട്ടിക്കളയും എന്നാണ് ഫോൺ സംഭാഷണത്തിൽ പറയുന്നത്.
പത്രിക പിന്‍വലിക്കാന്‍ പറ്റില്ലെന്ന് രാമകൃഷ്ണന്‍ പറയുമ്പോള്‍ ഞങ്ങള്‍ തന്നെ നിങ്ങളെ കൊല്ലേണ്ടിവരുമെന്നാണ് സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ ഭീഷണി. ഇപ്പോള്‍ സ്നേഹത്തോടെയാണ് സംസാരിക്കുന്നത് ഇനിയത് പറ്റില്ലെന്നും ലോക്കല്‍ സെക്രട്ടറി ജംഷീര്‍ പറയുന്നത് കേള്‍ക്കാം. നിങ്ങള്‍ എന്നെ എന്തുചെയ്യുമെന്ന് സ്ഥാനാര്‍ഥി ചോദിച്ചയുടന്‍ തട്ടികളയുമെന്നാണ് ജംഷീര്‍ പറയുന്നത്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് രാമകൃഷ്ണന് ജംഷീറിന്‍റെ ഫോണ്‍ വരുന്നത്. നീതിപൂര്‍വമായി ആരെയും പ്രവര്‍ത്തിക്കാന്‍ വിടാതെ മാര്‍ക്സിസ്റ്റ് ഗുണ്ടായിസമാണ് പ്രദേശത്തുള്ളതെന്നാണ് രാമകൃഷ്ണന്‍ ആരോപിക്കുന്നത്.ദീര്‍ഘകാലം സിപിഎമ്മിനൊപ്പം പ്രവര്‍ത്തിച്ചയാളാണ് രാമകൃഷണന്‍.ഇത്തവണ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ തീരുമാനിച്ചതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. ആദ്യം മയത്തില്‍ സംസാരിച്ചിട്ടും വഴങ്ങാതായതോടെ ഭീഷണിയിലേക്ക് നീങ്ങുകയായിരുന്നു. നിയമപരമായും രാഷ്ട്രീയപരമായും നീങ്ങാനാണ് രാമകൃഷ്ണന്‍റെ തീരുമാനം.