തദ്ദേശ തെരഞ്ഞെടുപ്പിൽ വനിതാ സംവരണ സീറ്റിൽ മത്സരിക്കാൻ ഇറങ്ങിയ യുഡിഎഫ് സ്ഥാനാർത്ഥികളായ രണ്ട് ട്രാൻസ് വുമണുകൾക്കും മത്സരിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ . തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പോത്തൻകോട് ഡിവിഷനിൽ അമേയ പ്രസാദിന്റേയും ആലപ്പുഴ ജില്ലാ പഞ്ചായത്ത് വയലാർ ഡിവിഷനിൽ അരുണിമ എം. കുറുപ്പിന്റെയും നാമനിർദ്ദേശപത്രിക വരണാധികാരികൾ അംഗീകരിച്ചു
Also Read: പാർട്ടിയും ചിഹ്നവും നൽകിയാൽ പാട്ട് റെഡി; തിരഞ്ഞെടുപ്പ് ഗാനങ്ങളൊരുക്കി ഉസ്മാൻ
ട്രാൻസ് വുമണായ അരുണിമയ്ക്കും അമേയ പ്രസാദിനും വനിതാ സംവരണ സീറ്റിൽ മൽസരിക്കാനാവില്ലെന്നും ജനറൽ സീറ്റിലാണ് മൽസരിക്കേണ്ടതെന്നും ചില വാദങ്ങൾ ഉയർന്നുവന്നിരുന്നു. അരുണിമയുടേത് വോട്ടർ പട്ടികയിലും രേഖകളിലും സ്ത്രീ എന്നായിരുന്നെങ്കിൽ അമേയയുടെത് തിരിച്ചറിയൽ രേഖകളിൽ സ്ത്രീയെന്നും വോട്ടർ പട്ടികയിൽ ട്രാൻസ് ജെൻഡർ എന്നുമായിരുന്നു.
അമേയ ഹൈക്കോടതിയെ സമീപിച്ചപ്പോൾ വരണാധികാരിക്ക് തീരുമാനമെടുക്കാം എന്നായിരുന്നു ഉത്തരവിട്ടത്. ഇന്ന് നടന്ന സൂക്ഷ്മ പരിശോധനയിൽ സിപിഎം ഉൾപ്പെടെ എല്ലാ രാഷ്ട്രീയ പാർട്ടികളും യുഡിഎഫ് സ്ഥാനാർത്ഥിയായി അമേയ വനിതാ സംവരണ സീറ്റിൽ മത്സരിക്കുന്നതിനെ പിന്തുണച്ചു. എതിർപ്പുകൾ ഇല്ലാതിരുന്നതോടെ വരണാധികാരിയായ തിരുവനന്തപുരം ജില്ലാ കലക്ടർ നാമനിർദേശ പത്രിക അംഗീകരിക്കുകയായിരുന്നു. തീരുമാനത്തിൽ സന്തോഷമുണ്ടെന്നും ജനങ്ങളും പാർട്ടിയും ഒപ്പമുണ്ടെന്നും അമേയ മനോരമ ന്യൂസിനോട് പറഞ്ഞു. നിയമപരമായ തടസങ്ങള്‍ ഇല്ലെന്നും തനിക്ക് പാർട്ടിയുടെ പൂർണപിന്തുണയുണ്ടെന്നും ആയിരുന്നു അരുണിമയുടെ പ്രതികരണം
വോട്ടർ പട്ടികയിൽ സ്ത്രീയെന്നു ചേർക്കാൻ അമേയ അപേക്ഷ കൊടുത്തത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പകരം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആയിരുന്നു. എന്നാൽ ഈ സാങ്കേതികത്വത്തിൽ ഒരാൾക്ക് മത്സരിക്കാനുള്ള അവസരം ഇല്ലാതാക്കേണ്ട എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കുകയായിരുന്നു