തൃശൂർ കൊടുങ്ങല്ലൂരിൽ അച്ഛനും മകനും യുഡിഎഫ് സ്ഥാനാർത്ഥികളായി അടുത്തടുത്ത വാർഡുകളിൽ മത്സരത്തിനിറങ്ങുന്നു. ശ്രീനാരായണപുരം പഞ്ചായത്തിൽ മത്സരിക്കുന്ന കെ.ആർ അശോകനും മകൻ കെ.എ മാനവേന്ദ്രനും തെരഞ്ഞെടുപ്പ് ഇപ്പോൾ കുടുംബ കാര്യമാണ്.
മൂന്ന് വട്ടം പഞ്ചായത്ത് അംഗമായ അശോകന് തിരഞ്ഞെടുപ്പ് ഒരു പുതുമയല്ല. ആകെയുള്ള പുതുമ ഇക്കൊല്ലം തൊട്ടടുത്ത വാർഡിൽ മകൻ മത്സരിക്കുന്നുണ്ടെന്നതാണ്. . അതുകൊണ്ട് തിരഞ്ഞെടുപ്പിന്റെയും പ്രചരണത്തിന്റെയും ആവേശം വാനോളമാണ്. ഇരുവരും യുഡിഎഫ് സ്ഥാനാർത്ഥികളാണ്. ശ്രീനാരായണപുരം പഞ്ചായത്തിലെ ഇരുപതാം വാർഡിൽ ആണ് അശോകൻ മത്സരിക്കുന്നത്. തിരഞ്ഞെടുപ്പുവിശേഷം പങ്കുവയ്ക്കാൻ വിളിപ്പാടകലെ മകനുമുണ്ട്.
അതിരാവിലെ മകൻ മത്സരിക്കുന്ന വാർഡിൽ അച്ഛൻ സഹായത്തിനായുണ്ടാകും. ഉച്ചയ്ക്കുശേഷം അശോകൻ സ്വന്തം അങ്കത്തട്ടിൽ പോരാടാനിറങ്ങും. 22- കാരനായ മാനവേന്ദ്രൻ നിയമ വിദ്യാർഥിയാണ്. അച്ഛൻ്റെ പാതയിലാണ് മകനെന്നുള്ളതുകൊണ്ട്, സംശയമില്ല, അച്ഛൻ തന്നെ വഴികാട്ടി. അതാണ് മാനവേന്ദ്രൻ്റെ ധൈര്യം. മുന്നണിയും ഒറ്റക്കെട്ടായി രണ്ടുപേർക്കും പിന്നിലുണ്ട്.