ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ മുന്‍ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ.പത്മകുമാര്‍ പണ്ട് പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ കേട്ടാല്‍ ആരും മൂക്കത്ത് വിരല്‍വച്ചു പോകും. താന്‍ ശബരിമല സന്നിധിയില്‍ ഓടിക്കളിച്ചയാളെന്നാണ് എ.പത്മകുമാര്‍ അന്ന് പറഞ്ഞിരുന്നത്. പത്മകുമാറിന്‍റെ പിതാവ് വര്‍ഷങ്ങളോളം ശബരിമല വെടിവഴിപാട്, കൊപ്ര കരാറുകാരനായിരുന്നു. ഹരിവരാസനം എഴുതിയത് തന്‍റെ ഒരു അമ്മൂമ്മയെന്നാണ് പത്മകുമാര്‍ പറഞ്ഞിരുന്നത്.
ശബരിമലയെക്കുറിച്ച് പറഞ്ഞാല്‍ പത്മകുമാറിന് നൂറൊന്നു നാവാണ്. താമസം ആറന്‍മുള പാര്‍ഥസാരഥി ക്ഷേത്രത്തിന്‍റെ പടിഞ്ഞാറേ നടയില്‍. ശബരിമലയെക്കുറിച്ച് പറഞ്ഞാല്‍ താന്‍ ഓടിക്കളിച്ചു നടന്ന മണ്ണാണ് അയ്യപ്പന്‍റെ തിരുമുറ്റം എന്ന് പറഞ്ഞു തുടങ്ങും. പിതാവ് അച്യുതന്‍നായര്‍ ശബരിമലയിലെ നെയ്ത്തേങ്ങകള്‍ ലേലത്തില്‍പ്പിടിക്കുന്ന കരാറുകാരനായിരുന്നു. ദീര്‍ഘകാലം വെടിവഴിപാടും ഏറ്റെടുത്തു നടത്തി. ഇക്കാലത്ത് പിതാവിനൊപ്പം മലകയറിയ ഓര്‍മകളാണ് പത്മകുമാറിന് പറയാനുള്ളത്.
ശബരിമലയെക്കുറിച്ച് എല്ലാം അറിയാം , അവിടുത്തെ ഓരോ ഊടുവഴിയും തൂണിനേയും അറിയാം എന്നാണ് പത്മകുമാര്‍ പറഞ്ഞിരുന്നത്. ആ പത്മകുമാര്‍ 1998ല്‍ വിജയ്മല്ല്യ ശബരിമലശ്രീകോവില്‍ ആകെ സ്വര്‍ണം പൊതിഞ്ഞത് അറിഞ്ഞില്ലെന്നത് മറ്റൊരു വിരോധാഭാസം.
കടുത്ത കമ്യൂണിസ്റ്റിനൊപ്പം കടുത്ത ഭക്തനുമായാണ് പത്മകുമാറിനെ കാണുന്നത്. 1996ല്‍ കോന്നിയിലെ പരാജയത്തിന് ശേഷം പാര്‍ട്ടി ഒരു പദവി നല്‍കിയത്2017ല്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായാണ്. ആ കാലത്താണ് പ്രളയവും, യുവതീ പ്രവേശവുമായി ദേവസ്വംബോര്‍ഡ് പട്ടിണിയുടെ നടുക്കടലില്‍പ്പെട്ടത്.തന്‍റെ കുടുംബത്തില്‍ നിന്നാരും ശബരിമല കയറില്ലെന്ന പത്മകുമാറിന്‍റെ പ്രസ്താവനകേട്ട് യുവതീപ്രവേശ വിരുദ്ധസമരക്കാര്‍ കയ്യടിച്ചെങ്കിലും മുഖ്യമന്ത്രി പിണങ്ങിയിരുന്നു.
അക്കാലത്ത് ബിജെപിക്ക് പത്മകുമാറില്‍ ഒരു കണ്ണുണ്ടായിരുന്നു. മന്ത്രി വീണ ജോര്‍ജിനെ സംസ്ഥാന സമിതി ക്ഷണിതാവാക്കിയതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ മാര്‍ച്ചില്‍ സംസ്ഥാന സമ്മേളന വേദി വിട്ടതാണ്. അന്നും ബിജെപി ഒരുപാലമിടാന്‍ ശ്രമിച്ചെങ്കിലും പൊളിഞ്ഞു. ഇപ്പോള്‍ പാലംപണിയാന്‍ ശ്രമിച്ച ബിജെപി നേതാക്കള്‍ ആശ്വാസത്തിലാണ്.