തിരുവനന്തപുരം കോര്‍പറേഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ വോട്ടുവെട്ടലില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ ഓഫിസ് ഇടപെട്ടതിന് തെളിവായി ദൃശ്യങ്ങള്‍. ടി.സി നമ്പരിലെത്തി വിവരം ശേഖരിച്ചത് മേയര്‍ ഓഫിസിലെ ജീവനക്കാരനാണ്. വൈഷ്ണയുടെ വോട്ടുവെട്ടിയത് ഈ രേഖ വച്ചാണ്. ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു.
Also Read: വൈഷ്ണയ്ക്ക് മല്‍സരിക്കാം; പേര് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തി
വൈഷ്ണ സുരേഷിന്റെ വോട്ട് വെട്ടിയതിനു പിന്നില്‍ സി.പി.എമ്മിന്റെ ക്രിമിനല്‍ ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. വൈഷ്ണയുടെ പേര് വെട്ടാൻ ഉദ്യോഗസ്ഥർക്ക് മേൽ സമ്മർദ്ദം ചെലുത്തിയത് മേയർ ആര്യ രാജേന്ദ്രനെന്ന് കെ.മുരളീധരനും തുറന്നടിച്ചു. ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി തുടരുമെന്നും മുരളീധരൻ പറഞ്ഞു. ആരോപണത്തിൽ പ്രതികരിക്കാതെ വിവാദം അവസാനിപ്പിക്കാനാണ് സി.പി.എം. ലക്ഷ്യമിടുന്നത്.
വൈഷ്ണയുടെ പേര് വെട്ടിയതിൽ കോർപ്പറേഷൻ ജീവനക്കാരുടെ പങ്ക് കൃത്യമായി തിരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാണിച്ചതോടെയാണ് സിപിഎമ്മിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവും മേയർ ആര്യ രാജേന്ദ്രനെ കടന്നാക്രമിച്ച് കെ മുരളീധരനും രംഗത്തെത്തിയത്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പതിമൂന്നാം തീയതി കോർപ്പറേഷനിൽ നേരിട്ട് എത്തിയാണ് ആര്യ ഇടപെട്ടതെന്നും മുരളീധരൻ മനോരമ ന്യൂസിനോട് പറഞ്ഞു
വോട്ടര്‍ പട്ടികയില്‍ ഇടംപിടിച്ചതില്‍ സന്തോഷമെന്നും വോട്ട് വെട്ടാന്‍ ഇടപെട്ടത് ആരെന്ന് പാര്‍ട്ടി പറയുമെന്നും മുരളീധരന്റെ ആരോപണം ശരി വെച്ച് വൈഷ്ണ പ്രതികരിച്ചു. വൈഷ്ണയുടെ പേര് വോട്ടർ പട്ടികയിൽ പുനസ്ഥാപിച്ചത് സിപിഎമ്മിനെ തിരിച്ചടിയായെങ്കിലും ഇതേപ്പറ്റിയോ കെ മുരളീധരന്റെ ആരോപണത്തെപ്പറ്റിയോ സിപിഎം പ്രതികരിച്ചിട്ടില്ല. പ്രതികരണങ്ങൾ നൽകി വിവാദം കത്തിച്ചാൽ ഗുണകരമാവില്ല എന്നാണ് പാർട്ടി കണക്കാക്കുന്നത്