സ്ഥാനാർഥി നിർണയത്തിൽ പൂർണമായും തഴഞ്ഞതിന് എതിരെ വയനാട് യൂത്ത് കോൺഗ്രസിൽ അതൃപ്തി പുകയുന്നു. പെയ്മെന്‍റ് സീറ്റ് ആരോപിച്ച് ബത്തേരി ബ്ലോക്ക് പഞ്ചായത്തിൽ വിമതൻ രംഗത്തുവന്നു. പരിഹാസ രൂപേണയുള്ള യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റിന്‍റെ എഫ്.ബി പോസ്റ്റും ചർച്ചയാകുകയാണ്.
ഗ്ലാമർ പോരാട്ടം നടക്കുന്ന ജില്ലാ പഞ്ചായത്തിലേക്കും ബ്ലോക്ക് പഞ്ചായത്തിലേക്കും യൂത്ത് കോൺഗ്രസ് നേതാക്കളെ പൂർണമായും വെട്ടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഷംഷാദ് മരയ്ക്കാറിനെ ബ്ലോക്കിലേക്ക് പോലും പരിഗണിച്ചില്ല. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗമായിരുന്ന ജഷീര്‍ പള്ളിവയലിനെയും തഴഞ്ഞു. 25 വര്‍ഷമായി എല്‍ഡിഎഫ് സീറ്റായ നൂല്‍പ്പുഴ ഡിവിഷൻ കഴിഞ്ഞ തവണ പിടിച്ചെടുത്ത ജില്ലാ പ്രസിഡന്‍റ് അമല്‍ ജോയിക്കും സീറ്റില്ല.
രണ്ട് തവണ ജില്ലാ പ്രസിഡന്‍റായ കഴിഞ്ഞ തവണ തോറ്റ മുൻ ഡിസിസി പ്രസിഡന്‍റിനെ അടക്കം തിരുകിക്കയറ്റി യുവ പ്രാതിനിധ്യം പൂർണമായും ഒഴിവാക്കിയെന്നാണ് ആക്ഷേപം. ബത്തേരി ബ്ലോക്ക് പഞ്ചായത്തിൽ പെയ്മെന്‍റ് സീറ്റ് ആരോപിച്ച് യുവനേതാവായ സി. റഷീദ് വിമതനായി രംഗത്തുവന്നു. അമർഷം പുകയുന്നതിനിടെ നേതൃത്വത്തെ പരിഹസിച്ച് അമൽ ജോയ്. പൊലീസ് മർദനം ഏൽക്കാൻ ചെറുപ്പക്കാരും സീറ്റുകൾ പുറത്തും കൊടുക്കുന്നു എന്ന ധ്വനിയോടെ ആണ് ജില്ലാ പ്രസിഡന്‍റിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്. സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തുവരുന്നതിന് പിന്നാലെ പരസ്യ പ്രതിഷേധങ്ങൾ ഉണ്ടായേക്കും.