തിരുവനന്തപുരം ജില്ലയിലെ കോൺഗ്രസ് സ്ഥാനാർത്ഥിത്വത്തിൽ വീണ്ടും പൊട്ടിത്തെറി. ചിറയിൻകീഴ് ബ്ലോക്കിലെ സ്ഥാനാർത്ഥിത്വത്തിൽ പ്രതിഷേധിച്ച് മണ്ഡലം കോർക്കമ്മിറ്റി അധ്യക്ഷ സ്ഥാനം രമണി.പി.നായർ രാജിവച്ചു. എം വിൻസെന്‍റിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട ഡിസിസി ജനറൽ സെക്രട്ടറി എംജെ ആനന്ദ് പാർട്ടിയിലെ എല്ലാ പദവികളും രാജിവച്ചു നേതൃത്വത്തിന് കത്തുനൽകി. ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് എം. വിൻസെന്‍റ് പറഞ്ഞു.
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ സ്ഥാനാർത്ഥിത്വത്തിൽ പ്രതിഷേധിച്ചാണ് രമണി പി നായരും എം ജെ ആനന്ദും രാജിവെച്ചത്. കെപിസിസി ജനറൽ സെക്രട്ടറി കൂടിയായ രമണി പി നായർ ചിറയിൻകീഴ് മണ്ഡലം കോർ കമ്മിറ്റി അധ്യക്ഷ സ്ഥാനമാണ് രാജിവെച്ചത്. കഴിഞ്ഞദിവസം ഡിസിസിയിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിൽ സ്ഥാനാർഥി നിർണയത്തെ ചൊല്ലി വലിയ വാക്കേറ്റം ഉയർന്നതിനെ തുടർന്ന് അലങ്കോലപ്പെട്ടിരുന്നു. തുടർന്ന് അടുത്ത ദിവസം കോർ കമ്മിറ്റിയുമായി കൂടിയാലോചിക്കാതെ സ്ഥാനാർത്ഥി നിർണയം നേതൃത്വം അന്തിമമാക്കിയതാണ് രമണി പി നായരെ ചൊടിപ്പിച്ചത്. ഇതിന് പിന്നിൽ പ്രവർത്തിച്ചത് എം വിൻസെന്‍റ് ആണെന്ന ആരോപണവുമായി ഡിസിസി ജനറൽ സെക്രട്ടറി എം ജെ ആനന്ദും രംഗത്തെത്തി.
പാർട്ടിയെ വിൻസെന്‍റ് നശിപ്പിക്കുകയാണെന്ന് ഫേസ്ബുക്കിൽ കുറിച്ച ആനന്ദ്, ബാക്കി വഴിയേ പറയുമെന്നും പോസ്റ്റിട്ടു. പാർട്ടിയിലെ എല്ലാ പദവികളും രാജിവച്ച് ആനന്ദ് നേതൃത്വത്തിന് കത്ത് നൽകി. അതേസമയം, ആരോപണങ്ങളോട് പ്രതികരിക്കാൻ എം. വിൻസെന്‍റ് തയ്യാറായില്ല. എല്ലാ പരാതികളും കെപിസിസി പരിശോധിക്കുമെന്ന് അറിയിച്ച കെ മുരളീധരൻ, സമവായത്തിന് നേതൃത്വം ശ്രമിക്കുന്നുണ്ടെന്ന സൂചന നൽകി.