കണ്ണൂര്‍ കോര്‍പ്പറേഷനില്‍ മല്‍സരചിത്രം തെളിഞ്ഞു. ഏറെ പുതുമുഖങ്ങളെ അണിനിരത്തിയാണ് യുഡിഎഫും എല്‍ഡിഎഫും ഇക്കുറി പോരാടുന്നത്. ന്യൂനപക്ഷങ്ങളില്‍ നിന്നടക്കം സ്ഥാനാര്‍ഥികളെ നിരത്തിയാണ് ബിജെപി കളത്തിലിറങ്ങിയത്.

യുഡിഎഫിന്‍റെ ഉറച്ചകോട്ടയാണ് കണ്ണൂര്‍ കോര്‍പ്പറേഷന്‍.  സീറ്റ് വിഭജനത്തിലെ കല്ലുകടികളെല്ലാം അകറ്റി യുഡിഎഫ് എല്ലാ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചുകഴിഞ്ഞു. നിലവിലെ മേയര്‍ മുസ്ലിഹ് മഠത്തിലും മുന്‍മേയര്‍ ടിഒ മോഹനനും ഗോദയിലില്ല. ഡെപ്യൂട്ടി മേയര്‍ പി.ഇന്ദിര മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ്  ശ്രീജ മഠത്തില്‍ എന്നിവരാണ് പ്രധാന വനിതാമുഖങ്ങള്‍. മേയര്‍ സ്ഥാനം വനിതാ സംവരണമായതിനാല്‍ ഇവരിലൊരാളെ ജയിച്ചാല്‍ മേയറാക്കും.

കെപിസിസി അംഗം റിജില്‍ മാക്കുറ്റിയും സന്തോഷ് ട്രോഫി താരമായിരുന്ന അജിത് പാറക്കണ്ടി എന്നിവര്‍ യുവമുഖങ്ങളില്‍ ശ്രദ്ധേയര്‍. അധിക സീറ്റ് കിട്ടാത്ത നിരാശയുണ്ടെങ്കിലും അതൊന്നും പുറത്തുകാട്ടാതെ പോരാട്ടത്തിന് അരയും തലയും മുറുക്കി ലീഗും ഇറങ്ങി. കോണ്‍ഗ്രസിന്‍റെ വാരം സീറ്റില്‍ കടിച്ചുതൂങ്ങിയ ലീഗിന് ഒടുവില്‍ അത് വിട്ടുകൊടുത്തതാണ് ഏക ആശ്വാസം.

56 ഡിവിഷനുകളുള്ള കോര്‍പ്പറേഷനില്‍ നാലെണ്ണത്തില്‍ ഇപ്പോഴും എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. യുഡിഎഫിന് വിമത സ്ഥാനാര്‍ഥികളുണ്ടെങ്കില്‍ അവര്‍ക്ക് പിന്തുണ നല്‍കാനാണ് നീക്കം. കോണ്‍ഗ്രസ് വിമതനായ പി.കെ രാഗേഷിനെ സിപിഎം നോട്ടമിട്ടിട്ടുണ്ടെന്നാണ് സൂചന.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പോലെ എല്‍ഡിഎഫും പുതുമുഖങ്ങളെയാണ് കൂടുതലും കളത്തിലിറക്കിയത്. എടക്കാട് ബ്ലോക്ക് പ്രസി‍ഡന്‍റായിരുന്ന വി.കെ പ്രകാശിനിയും സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ സംസ്ഥാന പ്രസിഡന്‍റ് ഒ.കെ വിനീഷുമാണ് പട്ടികയിലെ പ്രധാനികള്‍. അട്ടിമറി സംഭവിച്ചാല്‍ പ്രകാശിനിയ്ക്ക് മേയര്‍ കസേര ലഭിച്ചേക്കും.

മുസ്‍ലിം സ്ഥാനാര്‍ഥിയെ ഉള്‍പ്പെടെ ഇറക്കിയാണ് ബിജെപി മല്‍സര രംഗത്തുള്ളത്. ഒരു അംഗം മാത്രമുള്ള ബിജെപിയ്ക്ക് ശക്തി കൂട്ടാനുള്ളതാണ് ഈ തിരഞ്ഞെടുപ്പ്. സിപിഎമ്മിന് എങ്ങനെയെങ്കിലും ഭരണം പിടിച്ചെടുക്കാനുള്ളതും. 

ENGLISH SUMMARY:

Kannur Corporation Election showcases a competitive landscape. Both UDF and LDF are fielding numerous new faces, while the BJP is presenting candidates from minority communities, setting the stage for a dynamic electoral battle.