digital-strategies-in-kerala-election

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള മല്‍സരം നാട്ടില്‍ മാത്രമല്ല, ഡിജിറ്റല്‍ ലോകത്തും പൊരിഞ്ഞ പോരാട്ടമാണ്. എ.ഐ വീഡിയോ മുതല്‍ സൂപ്പര്‍ പാട്ടുകളുടെ അകമ്പടിയോടെയുള്ള റീല്‍സ് വരെ ഇറക്കിയാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണച്ചൂട് കനക്കുന്നത്. 

പണ്ടൊക്കെ മൈക്ക് അനൗണ്‍സ്മെന്‍റായിരുന്നു സ്ഥാനാര്‍ഥിയുടെ വിശേഷം പറയാനെങ്കില്‍ ഇന്ന് ആ പണി എ.ഐ ഏറ്റെടുത്തു. എ.ഐ വീഡിയോ ഇറക്കി തലസ്ഥാനത്ത് ഹൈടെക് പ്രചാരണത്തിന് തുടക്കം കുറച്ചത് കേശവാദസപുരത്തെ സി.പി.എം സ്ഥാനാര്‍ഥി ശ്യാമയാണ്. മുദ്രവാക്യവും ആള്‍ക്കൂട്ടവും വരെ എ.ഐ കൊണ്ടുവന്നു.

കോണ്‍ഗ്രസും പിന്നിലല്ല. മേയര്‍ സ്ഥാനാര്‍ഥി ശബരീനാഥന്‍ പറയാനുള്ളതെല്ലാം റീല്‍സാക്കുന്നുണ്ട്.  പ്രചാരണക്കാഴ്ചകളും മ്യൂസിക്കിന്‍റെ അകമ്പടിയോടെ സമൂഹമാധ്യമങ്ങളിലെത്തിക്കും. റീല്‍സൊക്കെ ന്യൂജന്‍ പിള്ളാരുടെ കളിയാണെന്ന് കരുതിയെങ്കില്‍ തെറ്റി. മുന്‍ ഡി.ജി.പിയും ഉഗ്രന്‍ ഡയലോഗുകളുമായി കളം നിറയുന്നുണ്ട്.

ഐ.ടി ഉദ്യോഗസ്ഥയായതുകൊണ്ട് തന്നെ സ്ഥാനാര്‍ഥി പ്രഖ്യാപനം മുതല്‍ ഓരോ നിമിഷവും റീല്‍സാക്കുകയാണ് സി.പി.എമ്മിന്‍റെ അമൃത. അമൃതയുടെ ഡാന്‍സ് നേതാക്കള്‍ വരെ ഏറ്റെടുത്തതോടെ വൈറലായിക്കഴിഞ്ഞു. ഹാട്രിക് വിജയം തേടുന്ന ബി.ജെ.പിയുടെ ആശാനാഥ് ഡിജിറ്റല്‍ പോരാട്ടത്തിലും വിട്ടുകൊടുക്കുന്നില്ല. ഒരു ദിവസംകൊണ്ട് നൂറ് വീട് കേറുന്നതിനേക്കാള്‍ എളുപ്പമാണ് ഒരു നിമിഷംകൊണ്ട് ആയിരക്കണക്കിന് പേരിലേക്കെത്തുന്ന ഡിജിറ്റല്‍ പ്രചാരണമെന്നാണ് സ്ഥാനാര്‍ഥികളുടെ തിരിച്ചറിവ്.

ENGLISH SUMMARY:

Digital Election Campaign focuses on the innovative use of technology in Thiruvananthapuram Corporation elections. Candidates are leveraging AI and social media reels to reach voters effectively.