ഗുരുവായൂരിൽ ബിജെപിയിലും പൊട്ടിത്തെറി. സീറ്റ് തർക്കത്തെ തുടർന്ന് ജില്ലാ കമ്മിറ്റിയംഗം കെ.കെ. സുമേഷ് കുമാർ പാർട്ടി വിട്ടു. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ നീക്കം. 14 വർഷമായി സജീവ ബിജെപി പ്രവർത്തകനാണ് കെ.കെ. സുമേഷ് കുമാർ. നേരത്തെ ഡിഐസി യെ പ്രതിനിധീകരിച്ച് നഗരസഭ കൗൺസിലറായിട്ടുണ്ട്. കേരള കോൺഗ്രസ് ബി ജില്ലാ പ്രസിഡൻ്റായിരുന്നു. സാമുദായിക അടിസ്ഥാനത്തിലാണ് ബിജെപി സീറ്റ് നിർണയിക്കുന്നതെന്നാണ് സുമേഷിന്റെ ആരോപണം. ബിജെപിക്ക് പടിഞ്ഞാറെ നടയിൽ ഒരു നയവും കിഴക്കേ നടയിൽ മറ്റൊരു നയവുമാണ്. ഹൈസ്കൂൾ 34 -ാം വാർഡ് സീറ്റ് തനിക്ക് നൽകാമെന്ന് ധാരണയുണ്ടായിരുന്നതായി സുമേഷ് പറഞ്ഞു. എന്നാൽ ജനറൽ വാർഡായ ഇവിടെ നിലവിലെ കൗൺസിലർ ജ്യോതിരവീന്ദ്രനാഥിനാണ് സീറ്റ് നൽകിയത്. ജനറൽ സീറ്റിൽ പുരുഷന്മാരെ സ്ഥാനാർത്ഥിയാക്കണമെന്നാണ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം. ഇതുപ്രകാരമാണ് കിഴക്കേ നടയിൽ സീറ്റ് നിർണയം നടത്തിയത്. എന്നാൽ ഹൈസ്കൂൾ ജനറൽ സീറ്റ് വനിതക്ക് നൽകിയത് അംഗീകരിക്കാനാവില്ല. ഗുരുവായൂരിന്റെ സമഗ്രമായ വികസനമാണ് ലക്ഷ്യമിടുക്കുന്നത്. ഇതിനെ തുരങ്കം വയ്ക്കുന്നതാണ് സാമുദായിക വേർതിരിവ്. ഇതിൽ പ്രതിഷേധിച്ച് ജില്ലാ പ്രസിഡണ്ടിന് രാജിക്കത്ത് കൈമാറി. ഉടൻ തന്നെ സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദേശ പത്രിക സമർപ്പിക്കുമെന്നും സുമേഷ് കുമാർ പറഞ്ഞു.