വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടെന്ന വിവാദങ്ങള്‍ക്കിടയിലും പ്രചാരണ രംഗത്ത് സജീവമായ തിരുവനന്തപുരം കോര്‍പ്പറേഷന്‍, മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന് വിജയാശംസയുമായി എതിർ സ്ഥാനാർത്ഥി എൻഡിഎയിലെ അജിത് കുമാര്‍. വോട്ടർമാരെ കാണുന്നതിനിടയിലാണ് വൈഷ്ണയുടെ അരികിലെത്തി അജിത് കുമാര്‍ ആശംസയറിയിച്ചത്. എതിർ സ്ഥാനാർത്ഥി ആണെങ്കിലും വൈഷ്ണയ്ക്ക് ഉണ്ടായ മാനസിക വിഷമം ഒരാൾക്കും സംഭവിക്കരുതെന്ന് അജിത് കുമാര്‍ പറഞ്ഞു. പിന്തുണയെ പോസിറ്റീവ് ആയി കാണുന്നുവെന്ന് വൈഷ്ണയും പ്രതികരിച്ചു.
ഞാന്‍ ഇവിടുത്തെ സ്ഥാനാര്‍ഥിയാണെന്നും നിങ്ങള്‍ക്കെതിരെ മല്‍സരിക്കുന്നുണ്ടെന്നും സ്വയം പരിചയപ്പെടുത്തിയാണ് പ്രചരണനത്തിനിറങ്ങിയ വൈഷ്ണയ്ക്ക് അരികിലേക്ക് അജിത് കുമാര്‍ എത്തിയത്. ‘ഓള്‍ ദി ബെസ്റ്റ്’ എന്ന് പറഞ്ഞ അദ്ദേഹം നന്നായി വരട്ടെയെന്നും ആശംസിച്ചു. തിരിച്ച് വൈഷ്ണയും ‘ഓള്‍ ദി ബെസ്റ്റ്’ പറയുന്നുണ്ട്. ഈ കുട്ടിയ്ക്ക് വന്ന വിഷമം അനുകൂലമായിട്ടുണ്ടെന്നും ദൈവമുണ്ടെന്നും അജിത് കുമാര്‍ പറഞ്ഞു. ഒരു മകളോടുള്ള ഒരു വാത്സല്യം അത്രയേ ഉള്ളൂ, എങ്കിലും എതിർത്ത് തന്നെ മത്സരിക്കുമെന്നും അജിത് കുമാര്‍ പറയുന്നു. അദ്ദേഹത്തിന്‍റെ കാലിൽ തൊട്ട് വൈഷ്ണ അനുഗ്രഹം വാങ്ങുകയും ചെയ്തു.
അതേസമയം, വൈഷ്ണ സുരേഷിനെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടിയിൽ വിമർശനവുമായി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. വോട്ടർപട്ടികയിൽ ഉൾപ്പെടുത്താനുള്ള നടപടിയെടുക്കണമെന്നും ഇല്ലെങ്കിൽ അസാധാരണ അധികാരം ഉപയോഗിക്കുമെന്നും കോടതി പറയുകയുണ്ടായി. ഹൈക്കോടതിയുടെ ഇടപെടലില്‍ സന്തോഷമുണ്ടെന്ന് വൈഷ്ണ പറഞ്ഞു. വോട്ടര്‍മാരില്‍ നിന്നും പോസിറ്റീവ് റെസ്പോണ്‍സാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്, ചില വീടുകളിൽ ചെല്ലുമ്പോൾ നമ്മുടെ തിരിച്ചുവരവ് അവർ ആഗ്രഹിച്ചിരുന്നു എന്ന് തന്നെയാണ് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നതെന്നും വൈഷ്ണ പറഞ്ഞു.
അതേസമയം, വൈഷ്ണയ്ക്ക് മത്സരിക്കാൻ ആകുമോ എന്ന് ഇന്ന് അറിയാം. വോട്ടർ പട്ടികയിൽ നിന്ന് വൈഷ്ണയുടെ പേര് നീക്കംചെയ്തുമായി ബന്ധപ്പെട്ട പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് വീണ്ടും ഹിയറിങ് നടത്തും. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് ഹിയറിങ്. വൈഷ്ണയുടെ വോട്ട് നീക്കിയത് അനീതിയെന്ന് നിരീക്ഷിച്ച കോടതി പരാതിയിൽ ഇന്ന് തന്നെ തീരുമാനമെടുക്കണമെന്നും ഉത്തരവിട്ടിരുന്നു. കേസ് നാളെ വീണ്ടും കോടതി പരിഗണിക്കും. വോട്ടര്‍ പട്ടികയ്ക്കൊപ്പമുള്ള ടി.സി നമ്പര്‍ തെറ്റെന്ന് ആരോപിച്ച് സി.പി.എം നല്‍കിയ പരാതി അംഗീകരിച്ചാണ് വൈഷ്ണയുടെ വോട്ട് വെട്ടിയത്. വോട്ട് വെട്ടിയത് സിപിഎം അല്ലെന്നും കള്ളവോട്ട് ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നുo ആണ് സിപിഎം വാദം.