sir-03

സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ ആദ്യഘട്ടം പൂര്‍ത്തിയാക്കുന്നതിന് സമയം നീട്ടി നല്‍കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. എന്യൂമെറേഷന്‍ ഫോം വിതരണവും, വോട്ടര്‍മാരുടെ വിവരങ്ങള്‍ അപ് ലോഡ് ചെയ്യുന്നതിനുമുള്ള സമയം ഡിസംബര്‍ നാല് എന്നത് മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. നേരത്തെ നിശ്ചയിച്ച സമയത്തില്‍ മാറ്റം വരുത്തണമെങ്കില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിര്‍ദേശമുണ്ടാകണമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ജില്ലാ കലക്ടര്‍മാരെ അറിയിച്ചിട്ടുള്ളത്. 

അതേസമയം, എസ്.ഐ.ആറിനെതിരെ കേരളം സുപ്രീംകോടതിയില്‍. തദ്ദേശ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുംവരെ എസ്ഐആര്‍  തടയണമെന്നാണ് ചീഫ് സെക്രട്ടറിയുടെ ഹര്‍ജി. എസ്‌ഐആറും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടപടികളും ഒരേ സംവിധാനം തന്നെ നടപ്പിലാക്കിയാൽ അത് ഭരണസംവിധാനത്തെ ബാധിക്കുമെന്നും രണ്ടും ഒരേ സമയം നടപ്പിലാക്കാൻ കഴിയില്ലെന്നുമാണ് ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് നൽകിയ ഹർജിയിൽ വ്യക്തമാക്കുന്നത്. എസ്ഐആറുമായി ബന്ധപ്പെട്ട് സർക്കാർ നേരത്തെ ഹൈ‌ക്കടതിയിൽ ഹർജി നൽകിയിരുന്നു. ഹർജിയിൽ സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെയും വാദംകേട്ട ജസ്റ്റിസ് വി.ജി .അരുൺ സുപ്രീംകോടതിയെ സമീപിക്കുന്നതാകും ഉചിതമെന്ന് നിർദേശിക്കുകയായിരുന്നു. 

കേരളത്തില്‍ എസ്ഐആര്‍  നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും  സുപ്രീംകോടതിയെ സമീപിച്ചു. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്   ഹര്‍ജി നല്‍കി. എസ്ഐആർ അടിയന്തരമായി നിറുത്തിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗും സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ലീഗിനുവേണ്ടി പി.കെ.കുഞ്ഞാലിക്കുട്ടിയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

ENGLISH SUMMARY:

The Election Commission has confirmed that the December 4 deadline for completing the first phase of the comprehensive voter list revision (SIR) will not be extended, emphasizing that any changes require instructions from the Central Election Commission. As Kerala seeks to halt the SIR until local body elections conclude, the Chief Secretary has filed a petition in the Supreme Court arguing that both processes cannot run simultaneously without disrupting administrative functions. The Congress and Muslim League have also filed petitions requesting immediate suspension of the SIR, intensifying the political and legal battle around the revision process.