തിരുവനന്തപുരത്തും കോഴിക്കോടും സ്ഥാനാര്‍ഥിക്ക് വോട്ടില്ലാത്ത പ്രതിസന്ധിക്ക് ശേഷം മഞ്ചേരിയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ടില്ല. മഞ്ചേരി നഗരസഭ ആറാം വാര്‍ഡില്‍ സ്ഥാനാര്‍ഥിയായി പരിഗണിച്ച രശ്മി പ്രഭയ്ക്കാണ് വോട്ടില്ലാത്തത്. ഇതോടെ മകള്‍ മകള്‍ സ്നേഹയെ പകരം സ്ഥാനാര്‍ഥിയാക്കി. രശ്മി പ്രഭയുടെ പേരില്‍ പോസ്റ്ററടക്കം പുറത്തിറക്കിയ ശേഷമാണ് വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന കാര്യം അറിഞ്ഞത്.
തിരുവനന്തപുരം മുട്ടടയിലെ യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍പട്ടികയില്‍നിന്ന് നീക്കിയതില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം നാളെ. ഹിയറങ്ങില്‍ തന്റെ ഭാഗം വിശദീകരിച്ചെന്ന് തിരുവനന്തപുരം മുട്ടടയിലെ സ്ഥാനാര്‍ഥിയായ വൈഷ്ണ പറഞ്ഞു. അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നു. പേരുനീക്കിയതില്‍ ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹിയറിങ് നടത്തിയത്. പരാതിക്കാരനായ സിപിഎം പ്രവര്‍ത്തകന്‍ ധനേഷ് കുമാറും ഹാജരായി.
കോഴിക്കോട് കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനാര്‍ഥിയായി യുഡിഎഫ് അവതരിപ്പിച്ച വി.എം. വിനുവിനും വോട്ടര്‍ പട്ടികയില്‍ പേരില്ല. സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കലക്ടറുടെ തീരുമാനം വൈകുന്നതിനാല്‍ കോഴിക്കോട് ഡി.സി.സിയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇ.ആര്‍.ഒ അന്തിമറിപ്പോര്‍ട്ടിനുശേഷം തീരുമാനമെന്നാണ് കലക്ടറുടെ നിലപാട്. വി.എം വിനുവിന് 2020ലും വോട്ടില്ലായിരുന്നുവെന്ന് ഇആര്‍ഒയുടെ പ്രാഥമിക കണ്ടെത്തല്‍. എന്നാല്‍ ഇക്കാര്യം സ്ഥാനാര്‍ഥിയും ഡിസിസി നേതൃത്വവും നിഷേധിച്ചു. വി.എം. വിനു വോട്ട് ചെയ്തിട്ടില്ലെന്നാണ് സിപിഎമ്മിന്‍റെയും വാദം. ഇക്കാര്യം ശരിയെങ്കില്‍ യുഡിഎഫിന് വേറെ സ്ഥാനാര്‍ഥിയെ കണ്ടെത്തേണ്ടി വരും.