എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയ്‌ക്കെതിരായ കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന്‍ സിപിഎം സ്ഥാനാര്‍ഥി. വിരമിച്ച കണ്ണൂര്‍ എസിപി ടി.കെ. രത്‌നകുമാര്‍ ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയില്‍ മത്സരിക്കും. കോട്ടൂര്‍ വാര്‍ഡില്‍നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്. പാര്‍ട്ടി ചിഹ്നത്തില്‍ത്തന്നെയാണ് അദ്ദേഹം മത്സരിക്കുക. എൽഡിഎഫിന്‍റെ ചെയർമാൻ സ്ഥാനാർഥിയാണെന്നാണ് വിവരം.
എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥനായിരുന്നു ടി.കെ. രത്‌നകുമാര്‍. കുറ്റപത്രം സമര്‍പ്പിച്ചതിനു ശേഷം ഈ വര്‍ഷം മാര്‍ച്ചില്‍ അദ്ദേഹം വിരമിച്ചു.
പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം കിട്ടിയ നവീൻ ബാബുവിന് 2024 ഒക്ടോബർ 14-ന് കളക്ടറേറ്റിൽ നൽകിയ യാത്രയയപ്പ് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ ക്ഷണിക്കാതെയെത്തി അധിക്ഷേപകരമായ രീതിയിൽ പ്രസംഗിച്ചിരുന്നു. പിറ്റേന്ന് രാവിലെയാണ് പള്ളിക്കുന്നിലെ ക്വാർട്ടേഴ്‌സിൽ നവീൻ ബാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അതേ സമയം എസിപി ടി.കെ രത്നകുമാറിന്റെ സ്ഥാനാർത്ഥിത്വത്തിൽ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. ഉദ്ദിഷ്ട കാര്യം സാധിച്ചു നൽകിയതിന്റെ പ്രതിഫലം എന്ന് വിമർശനം.