എന്‍സിപി സംസ്ഥാന ഉപാധ്യക്ഷ ലതികാ സുഭാഷ് കോട്ടയം നഗരസഭയിൽ എൽഡിഎഫ് സ്ഥാനാർഥിയായി മല്‍സരിക്കും. 48–ാം വാര്‍ഡായ തിരുനക്കരയിലാണ് ലതിക മല്‍സരിക്കുന്നത്. യുഡിഎഫിന്റെ കുത്തക വാർഡാണ് തിരുനക്കര. നിലവിൽ കോട്ടയം നഗരസഭ ഉപാധ്യക്ഷൻ ബി ഗോപകുമാറിന്‍റെ ഡിവിഷനാണ്. വനിതാ സംവരണം ആയതോടെയാണ് ലതികാ സുഭാഷിനെ രംഗത്തിറക്കി ഇടതുമുന്നണി അപ്രതീക്ഷിത നീക്കം നടത്തിയിരിക്കുന്നത്.
സംസ്ഥാന വനം വികസന കോർപറേഷൻ അധ്യക്ഷയാണ് ലതിക. മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയായിരുന്ന ലതിക 2021 ൽ ഏറ്റുമാനൂർ നിയമസഭ സീറ്റ് ലഭിക്കാത്തതിനെത്തുടർന്നാണ് കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചത്. അന്ന് ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിച്ചിരുന്നു. ഇന്ദിരാ ഭവന് മുന്നിൽ തല മൊട്ടയടിച്ച് പ്രതിഷേധിച്ച ശേഷമാണ് പാർട്ടി വിട്ടത്. മുൻപ് ജില്ലാ പഞ്ചായത്ത് അധ്യക്ഷ ആയിട്ടുണ്ടെങ്കിലും നഗരസഭ ഡിവിഷനിൽ ആദ്യമായിട്ടാണ് സ്ഥാനാർഥിയാകുന്നത്.