കൊച്ചിയിലെ ഇടത് സ്ഥാനാര്‍ഥികള്‍ക്ക് ചുവരെഴുതാന്‍ ഇത്തവണ ദാസനെ കിട്ടില്ല. വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് ചുവരെഴുത്തില്‍ കൈപ്പുണ്യമുള്ള പി.ജെ. ദാസനെന്ന യേശുദാസന്‍. ചുവരെഴുത്ത് തുടങ്ങി മുപ്പത്തിയെട്ടാം വര്‍ഷത്തില്‍ കൊച്ചി കോര്‍പ്പറേഷനിലേക്ക് മത്സരിക്കാനുള്ള ദൗത്യമാണ് പാര്‍ട്ടി ദാസനെ ഏല്‍പ്പിച്ചത്.
ദാസന്‍ പെയിന്‍റും ബ്രഷും കയ്യില്‍ നിന്നൊഴിവാക്കുന്ന ആദ്യത്തെ തിരഞ്ഞെടുപ്പാകും ഇത്. 1987 മുതല്‍ ഇങ്ങോട്ട് എറണാകുളം ജില്ലയിലെ മുക്കിലും മൂലയിലുമുള്ള ചുവരുകളില്‍ ദാസന്‍റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. കൊച്ചി കോര്‍പ്പറേഷന്‍ നസ്രത്ത് ഡിവിഷനിലെ ഇടത് സ്ഥാനാര്‍ഥിയാണ് പി.ജെ. ദാസന്‍. ഇങ്ങനെയൊരു യോഗം ദാസന്‍ സ്വപ്നത്തില്‍ പോലും ചിന്തിച്ചിട്ടില്ല.
പെയിന്‍റും ബ്രഷുമായി നില്‍ക്കുന്നത് കണ്ട് ചെലവ് ചുരുക്കലാണോ എന്ന് സംശയിച്ചവരുമുണ്ട്. സ്വന്തം പേര് ചുവരില്‍ എഴുതണമെന്ന ആഗ്രഹത്തിന്‍റെ പുറത്താണ് ഈ എഴുത്ത്. ചുവരിനോട് ബൈ പറഞ്ഞ് വോട്ടര്‍മാരുടെ മനസില്‍ തന്‍റെ പേരെഴുതി ചേര്‍ക്കാനാണ് ഇനി ദാസന്‍റെ പ്രയാണം.