• വിവാദങ്ങള്‍ക്ക് മറുപടിയുമായി തിരുവനന്തപുരം മേയര്‍
  • സ്ഥാനം ആഗ്രഹിച്ചല്ല പ്രവര്‍ത്തനം: ആര്യ രാജേന്ദ്രന്‍
  • ‘രാജീവ് ചന്ദ്രശേഖര്‍ ചെയ്തതിനേക്കാള്‍ അധികം ഞാന്‍ ചെയ്തു’

 ബിജെപി സംസ്ഥാന അധ്യക്ഷന്‍  രാജീവ് ചന്ദ്രശേഖറിനും ബിജെപിക്കും മറുപടിയുമായി തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍.  പദവി ആഗ്രഹിച്ചല്ല തന്റെ പാര്‍ട്ടി പ്രവര്‍ത്തനം. രാജീവ് ചന്ദ്രശേഖര്‍ ചെയ്തതിനേക്കാള്‍ അധികം താന്‍ ചെയ്തു. പറയുന്നവരുടെ വേവലാതി സ്വന്തം രീതികള്‍ വച്ചെന്നും ആര്യ മനോരമ ന്യൂസിനോട് പറഞ്ഞു. 

 പാര്‍ലമെന്ററി രംഗത്തിരുന്ന് മാത്രമല്ല ജനങ്ങളെ സേവിക്കുക.രാജീവ് ചന്ദ്രശേഖര്‍ ചെയ്തതിനേക്കാള്‍ അധികം ഞാന്‍ ചെയ്തു. ബിജെപിയുടെ ക്രൂരതകള്‍ പ്രസംഗിച്ച് സജീവമായുണ്ടാകുമെന്നും അവരുടെ തനിനിറം തുറന്ന് കാട്ടുമെന്നും ആര്യപറഞ്ഞു. 

‘നമ്മുടെ മുന്നിലിരിക്കുന്ന ഓരോ ഫയലുകളും ഓരോ ജീവനുകളാണ് എന്ന് പറയുന്നതുപോലെ മുന്നിലിരിക്കുന്ന ഓരോ മനുഷ്യനും അവർ അർഹിക്കുന്ന പരിഗണന നൽകാൻ നമുക്ക് കഴിയണം എന്ന് ഞാൻ എപ്പോഴും വിചാരിക്കുന്നതാണ്,' എന്ന് ആര്യ രാജേന്ദ്രൻ തന്റെ ഭരണകാലത്തെ അനുഭവം പങ്കുവെച്ചുകൊണ്ട് പറഞ്ഞു. സ്ഥാനമാനങ്ങൾ ആഗ്രഹിച്ചല്ല താൻ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതെന്നും, പാർട്ടി ഏൽപ്പിക്കുന്ന ഏത് ചുമതലയും നിർവഹിക്കുമെന്നും ആര്യ കൂട്ടിച്ചേർത്തു.

അതേസമയം, തിരുവനന്തപുരത്ത് മേയര്‍ ആര്യാ രാജേന്ദ്രന്‍ മല്‍സരിക്കാത്തത് വിഷയമായി ഉയര്‍ത്തി ബിജെപി. ബിജെപി വികസനം ചര്‍ച്ചയാക്കിയതോടെയാണ് ആര്യാ രാജേന്ദ്രന്‍ മല്‍സരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നും ഭയമാണ് കാരണമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. എന്നാല്‍ ഇത്തവണ മല്‍സരിച്ച് ജയിച്ചാലും ഡെപ്യൂട്ടി മേയറാകാനെ സാധിക്കൂ. അതാണ് മല്‍സരിപ്പിക്കാത്തതിന് കാരണമെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍റെ മറുപടി. ആര്യയെ ലോക്സഭ, നിയമസഭ പോലുള്ള ഉയര്‍ന്ന സ്ഥലത്തേക്ക് പരിഗണിക്കുമെന്നും ആദ്യമായി സി.പി.എം സംസ്ഥാന സെക്രട്ടറി വെളിപ്പെടുത്തി. തിരുവനന്തപുരത്ത് മലയാള മനോരമ സംഘടിപ്പിച്ച സംവാദത്തിലായിരുന്നു നേതാക്കളുടെ വാഗ്വാദം.

ENGLISH SUMMARY:

Thiruvananthapuram Mayor Arya Rajendran clarified that her political work is not driven by the pursuit of position but by a commitment to public service. In an exclusive statement to Manorama News, Arya asserted that she has contributed more than BJP leader Rajeev Chandrasekhar and vowed to expose the BJP’s true nature. As the BJP accuses her of avoiding the mayoral race out of fear, CPM’s M.V. Govindan revealed that Arya is being considered for higher political responsibilities like the Lok Sabha or Legislative Assembly.