എ.ഡി.എം. നവീൻ ബാബു ആത്മഹത്യ ചെയ്ത കേസിലെ പ്രതി പി.പി. ദിവ്യക്ക് കണ്ണൂർ ജില്ലാ പഞ്ചായത്തിൽ സീറ്റ് നിഷേധിച്ച് സി.പി.എം. ദിവ്യ മത്സരിച്ചിരുന്ന കല്യാശ്ശേരി ഡിവിഷനിൽ വി.വി. പവിത്രനാണ് പുതിയ സ്ഥാനാർത്ഥി. ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പി.പി. ദിവ്യയല്ല, വികസനമാണ് ചർച്ചയാവുക എന്നായിരുന്നു സി.പി.എമ്മിന്റെ മറുപടി.
പ്രതീക്ഷിക്കപ്പെട്ടതുപോലെയാണ് സംഭവിച്ചത്. പാർട്ടി നടപടിയെടുത്ത് തരംതാഴ്ത്തിയ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ മത്സരിച്ചാൽ ദോഷം ചെയ്യുമെന്ന് നേരത്തെ വിലയിരുത്തിയിരുന്നു. പാപ്പിനിശ്ശേരി വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമായ വി.വി. പവിത്രനെയാണ് ഇക്കുറി ദിവ്യയുടെ ഡിവിഷനായിരുന്ന കല്യാശ്ശേരിയിൽ സി.പി.എം. നിയോഗിച്ചത്. പി.പി. ദിവ്യ വിവാദത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് "നോ കമന്റ്സ്" എന്നായിരുന്നു സി.പി.എം. ജില്ലാ സെക്രട്ടറിയുടെ മറുപടി.
നവീൻ ബാബു കേസ് മാത്രമല്ല, ജില്ലാ പഞ്ചായത്തിൽ രണ്ട് ടേം പി.പി. ദിവ്യ പൂർത്തിയാക്കുകയും ചെയ്തിരുന്നു. ജില്ലാ പഞ്ചായത്തിലേക്ക് സി.പി.എം. മത്സരിക്കുന്ന 16 ഡിവിഷനുകളിലെ സ്ഥാനാർത്ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. നിലവിലെ വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഒഴികെ മറ്റെല്ലാവരും ജില്ലാ പഞ്ചായത്തിലേക്ക് പുതുമുഖങ്ങളാണ്. എസ്.എഫ്.ഐ. സംസ്ഥാന മുൻ പ്രസിഡന്റ് കെ. അനുശ്രീക്കും സി.പി.എം. സീറ്റ് നൽകി. പിണറായി ഡിവിഷനിൽ നിന്നാണ് മത്സരിക്കുന്നത്.