കോഴിക്കോട് കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനാര്‍ഥിയായാകും സംവിധായകന്‍ വി.എം. വിനുവിനെ യുഡിഎഫ് രംഗത്തിറക്കുക. ഇതോടെ കെപിസിസി ജനറല്‍ സെക്രട്ടറിമാരായ പി.എം. നിയാസും വിദ്യാ ബാലകൃഷ്ണനും മല്‍സരിക്കാനുള്ള സാധ്യത മങ്ങി. ബുധനാഴ്ച്ചയാകും യുഡിഎഫിന്‍റെ രണ്ടാം ഘട്ട ലിസ്റ്റ് പുറത്തിറക്കുക. 

കലാകാരന്‍ എന്നതിന് പുറമെ പൊതുസ്വീകാര്യന്‍ എന്ന നിലയില്‍ കൂടിയാണ് സംവിധായകന്‍ വി.എം. വിനുവിനെ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥിയാക്കുന്നത്. പാറോപ്പടിയോ ചേവായൂരോ മല്‍സരിപ്പിക്കാനാണ് നീക്കം. ആദ്യഘട്ടത്തില്‍ മല്‍സരിക്കാന്‍ വിസമ്മതിച്ച വി∙എം. വിനുവുമായി രമേശ് ചെന്നിത്തലയും ഷാഫി പറമ്പിലും നേരിട്ട് കണ്ട് ചര്‍ച്ച നടത്തിയതോടെ അയഞ്ഞു, സമ്മതിച്ചു. ഇക്കാര്യം സൂചിപ്പിച്ചാണ് സര്‍പ്രൈസ് സ്ഥാനാര്‍ഥി ഉണ്ടാകുമെന്ന് രമേശ് ചെന്നിത്തല ആവര്‍ത്തിച്ചത്. 

കെപിസിസി ജനറല്‍ സെക്രട്ടറിമാരായ പി.എം. നിയാസിനെയോ വിദ്യാ ബാലകൃഷ്ണനേയോ  മേയര്‍ സ്ഥാനാര്‍ഥിയാക്കാനായിരുന്നു ഇതുവരെയുള്ള ആലോചന. എന്നാല്‍ വി.എം. വിനു മല്‍സരിക്കാന്‍ സന്നദ്ധമായതോടെ ഇരുവരും മല്‍സരിക്കാനുള്ള സാധ്യത മങ്ങി. എന്നാല്‍ കൂടുതല്‍ മുതിര്‍ന്ന നേതാക്കള്‍ മല്‍സരിക്കുന്നത് മുന്നണിക്ക് ഗുണകരമാകുമെന്നാണ് ലീഗിന്‍റെ അഭിപ്രായം. ഇത് കണക്കിലെടുക്കുകയാണെങ്കില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് മല്‍സരിക്കേണ്ടി വരും. ആകെ മല്‍സരിക്കുന്ന 49 സീറ്റില്‍ 22 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് ഇതുവരെ പ്രഖ്യാപിച്ചത്. 

ENGLISH SUMMARY:

VM Vinu is likely to be UDF's candidate for Mayor in Kozhikode Corporation. The second phase list of UDF candidates will be released on Wednesday.