മുന്നണി വിപുലീകരണം യുഡിഎഫ് ഗൗരവമായി ചര്‍ച്ച ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. വിവിധ പാര്‍ട്ടികള്‍ സമീപിച്ചിട്ടുണ്ടെന്നും ഉടന്‍ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറ‍ഞ്ഞു. അന്‍വര്‍ വിഷയം യുഡിഎഫ് ചര്‍ച്ച ചെയ്യുന്നുവെന്ന സൂചനയും പ്രതിപക്ഷ നേതാവ് നല്‍കി. അതേസമയം വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണ തന്നിട്ടുണ്ടെന്നും അത് സ്വീകരിച്ചിട്ടുണ്ടെന്നും പറഞ്ഞ സതീശന്‍, നിലവില്‍ നീക്കുപോക്കിന് തയാറല്ലെന്നും  വ്യക്തമാക്കി. 

സര്‍ക്കാരിനെ തുറന്നുകാട്ടാന്‍ യുഡിഎഫിനായി. എല്‍ഡിഎഫ് ഭരണത്തില്‍ കൃഷി, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകള്‍ തകര്‍ന്നു. തീരദേശത്തിനായി സര്‍ക്കാര്‍ഒരു രൂപ പോലും ചെലവഴിക്കുന്നില്ല. മലയോര മേഖലയിലെ ജനങ്ങളെ വന്യജീവികള്‍ക്ക് വിട്ടുകൊടുത്തിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. തിരഞ്ഞെടുപ്പില്‍ ജനം സര്‍ക്കാരിനെ വിചാരണ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 

തിരഞ്ഞെടുപ്പ് ഒരുക്കങ്ങളില്‍ കോണ്‍ഗ്രസ് ബഹുദൂരം മുന്നിലാണെന്ന് പറഞ്ഞ സതീശന്‍ കോട്ടയത്ത് യുഡിഎഫ് അനുകൂല സാഹചര്യമാണ് നിലവിലുള്ളതെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു. കൊച്ചിയില്‍ ഉടന്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നും കോഴിക്കോട് സീറ്റ് വിഭജനം പൂര്‍ത്തിയായെന്നും അദ്ദേഹം വിശദീകരിച്ചു. കൊച്ചിയില്‍ മൂന്നില്‍ രണ്ട് സീറ്റ് കോണ്‍ഗ്രസ് പിടിക്കുമെന്നും സതീശന്‍ അവകാശപ്പെട്ടു. 

ENGLISH SUMMARY:

Leader of Opposition V. D. Satheesan announced that the UDF is seriously discussing front expansion, confirming that various parties have approached them, with a decision expected soon. Satheesan strongly criticized the LDF government over failures in agriculture, health, education, coastal welfare, and wildlife protection, expressing confidence that the Congress is ahead in poll preparations and expects a major win in Kochi and Kottayam.