തൃക്കാക്കര നഗരസഭയിലെ സീറ്റ് വിഭജനത്തില്‍ വഴങ്ങാതെ സിപിഐ. സിപിഐയുടെ രണ്ട് സീറ്റില്‍ മല്‍സരിക്കാനായിരുന്നു സിപിഎം തീരുമാനം. എന്നാല്‍ സിറ്റിങ് സീറ്റ് വിട്ടുകൊടുക്കേണ്ടതില്ലെന്നാണ് സിപിഐയുടെ തീരുമാനം. സീറ്റ് സംബന്ധിച്ച് സിപിഎം–സിപിഐ സെക്രട്ടറിമാര്‍ തമ്മില്‍ ഇന്ന് ചര്‍ച്ചയുണ്ടായേക്കും. സമവായമില്ലെങ്കില്‍ ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് സിപിഐ വ്യക്തമാക്കി.
അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നായിരുന്നു മുന്നണി കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍റെ പ്രതികരണം. ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ജനം അംഗീകാരം നല്‍കുമെന്നും അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു. ഭരണവിരുദ്ധ തരംഗമില്ലാത്ത ആദ്യ തദ്ദേശ തിരഞ്ഞെടുപ്പാണിതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അവകാശപ്പെട്ടു. തുടര്‍ഭരണത്തിന്‍റെ ചവിട്ടുപടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ഭൂരിഭാഗം കോര്‍പറേഷനുകളും കോണ്‍ഗ്രസ് പിടിക്കുമെന്നായിരുന്നു കെപിസിസി പ്രസിഡന്‍റിന്‍റെ പ്രതികരണം. തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് തയാറാണെന്നും വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരു ധാരണയുമില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഉജ്വല വിജയം നേടുമെന്ന് കെ.സി.വേണുഗോപാൽ പ്രതീക്ഷ പ്രകടിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ തട്ടിപ്പുകൾ ജനം തിരിച്ചറിയുമെന്നും ശബരിമലയിലെ സ്വർണ്ണക്കൊള്ള ഉൾപ്പെടെ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം ഇന്നുമുതല്‍ തുടങ്ങുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അഴിമതി രഹിത ഭരണമാണ് ബിജെപിയുടെ കാഴ്ചപ്പാട്. പ്രവര്‍ത്തകര്‍ 24 മണിക്കൂറും നാടിനായി ഉണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സ്ഥാനാർഥി നിർണയത്തിൽ വിജയം മാത്രമാണ് മാനദണ്ഡമെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. നിലവിൽ ഭരണത്തിലുള്ള സ്ഥാലങ്ങളിൽ ബിജെപി അധികാരം നിലനിർത്തും. തിരുവനന്തപുരം കോർപറേഷനിൽ സിപിഎം – കോൺഗ്രസ് സഖ്യമാണ്. അവിശുദ്ധ സഖ്യത്തിനായി ആണ് കെ മുരളീധരന്റെ ശ്രമമെന്നും കോഴിക്കോട് കോർപ്പറേഷൻ സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിസംബര്‍ ഒന്‍പതിനും 11നും എന്നിങ്ങനെ രണ്ടുഘട്ടമായാണ് സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുക. തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴു ജില്ലകളില്‍ ഡിസംബര്‍ ഒന്‍പതിനും തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഡിസംബര്‍ 11നും വോട്ടെടുപ്പ് നടത്തും. ഡിസംബര്‍ 13നാണ് വോട്ടെണ്ണല്‍.