തിരുവനന്തപുരത്തിനു പിന്നാലെ കൊല്ലം കോര്‍പറേഷനിലും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. INTUC ജില്ലാ അധ്യക്ഷനെ മേയര്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. 13 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചതെങ്കിലും രണ്ടു ദിവസത്തിനുള്ളില്‍ മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിക്കാനാണ് നീക്കം.
2000 കോര്‍പറേഷന്‍ രുപീകരിച്ചപ്പോള്‍ 23 ആയിരുന്നു യുഡിഎഫ് സീറ്റെങ്കില്‍ പിന്നീട് കുറഞ്ഞ് ഏറ്റവും ഒടുവില്‍ 10 സീറ്റാണ് അംഗബലം. ഇനിയും അമാന്തിച്ചാല്‍ ആകെ തകര്‍ന്നു പോകുമെന്ന തിരിച്ചറിവാണ് ആദ്യം കളത്തിലിറങ്ങാനുള്ള തീരുമാനത്തിനു പിന്നില്‍. ലീഗും ആര്‍എസ്പിയുമായുളള ചര്‍ച്ച ഏതാണ്ട് പൂര്‍ത്തിയായി. 11 സീറ്റുള്ള ആര്‍.എസ്.പിക്ക് ഒരു സീറ്റ് വെച്ചുമാറുന്നതിലാണ് ആകെ തര്‍ക്കമുള്ളത്. എന്‍.കെ.പ്രേമചന്ദ്രന്‍ നയിച്ച കോര്‍ കോര്‍പറേഷന്‍ ഭരണത്തിനെതിരെയുള്ള കുറ്റവിചാരണ ജാഥയ്ക്കു പിന്നാലെയാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. കൊല്ലത്തെ തൊഴിലാളിയൂണിയന്‍ രംഗത്തുള്ള കരുത്താണ് എ.കെ.ഹഫീസിനെ മേയര്‍സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാനുള്ള കാരണം
ബിന്ദുകൃഷ്ണ, എ.കെ.ഹഫീസ് എന്നിവരെയാണ് ആദ്യഘട്ടത്തില്‍ മേയര്‍ സ്ഥാനാര്‍ഥികളായി പരിഗണിച്ചതെങ്കിലും ഇരുവരും വിമുഖത കാട്ടി. സംഘടനാ സെക്രട്ടറി കെ.സി.വേണുഗോപാലും , വി.ഡി. സതീശനും ആവശ്യപ്പെട്ടതോടെയാണ് ഹഫീസ് സമ്മതമറിയിച്ചത്.