ശശി തരൂരിന്റെ കുടുംബാധിപത്യ രാഷ്ട്രീയത്തെ കുറിച്ചുള്ള ലേഖനം തള്ളി കൊടിക്കുന്നിൽ സുരേഷ് എം പി . രാജ്യത്തിന് സമര്‍പ്പിച്ച് ജീവിച്ചവരാണ് നെഹ്റു കുടുംബമെന്നും വിഷയം പരിശോധിച്ച് മറുപടി പറയേണ്ടത് നേതൃത്വമാണെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. അതേസമയം വിവാദത്തില്‍ പതിവ് പോലെ മൗനം തുടരുകയാണ് ഹൈക്കമാന്‍ഡ്. തരൂരിന്റെ തുറന്ന് പറച്ചില്‍ ധീരമായ തീരുമാനമെന്നാണ് ബിജെപി പ്രതികരണം.
എന്തുകൊണ്ട് ഇത്തരമൊരു ലേഖനം എഴുതി എന്ന് വിശദീകരിക്കേണ്ടത് തരൂര്‍ തന്നെയാണെന്ന് പറഞ്ഞൊഴിയുകയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. പതിവുപോലെ തള്ളുകയോ കൊള്ളുകയോ ചെയ്യാതെ മൗനം പാലിക്കാനാണ് ഹൈക്കമാന്‍ഡ് തീരുമാനം. കുടുംബാധിപത്യം ഭരണത്തെ മോശമാക്കും. സ്ഥാനാർത്ഥിത്വ യോഗ്യത കുടുംബപ്പേരാകുന്നത് പ്രശ്നകരമാണ്. രാഷ്ട്രീയ കുടുംബങ്ങളിലെ ആളുകൾക്ക് സാധാരണക്കാരുടെ പ്രശ്നങ്ങള്‍ മനസിലാകില്ല എന്നിങ്ങനെയായിരുന്നു കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, ഡിഎംകെ, ടിഎസിപി തുടങ്ങിയ രാഷ്ട്രീയ പാർട്ടികളെ കുറിച്ചുള്ള തരൂരിന്റെ ലേഖനത്തിലെ വരികള്‍.