പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ മരിച്ച ഷെറിലിനെ രക്തസാക്ഷിയാക്കിയ ഡിവൈഎഫ്‌ഐ പ്രമേയത്തിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ബോംബ് നിർമ്മിച്ചത് ഇന്ത്യൻ സേനയ്ക്ക് വേണ്ടിയല്ലെന്നും, സിപിഎം എന്ന കൊലയാളി പാർട്ടിക്ക് വേണ്ടിയാണെന്നും അപ്പോൾ സിപിഎം ബോംബ് നിർമ്മിക്കുന്നുണ്ട് എന്ന് അവർ തന്നെ സമ്മതിക്കുന്നുവെന്നും രാഹുല്‍ പറയുന്നു. ശൈലജ ഒക്കെ പച്ചക്ക് കള്ളം പറയുന്ന ആളാണെന്ന് കേരളത്തിന് ബോധ്യമാകുന്ന മറ്റൊരു ഉദാഹരണമാണ് ഇതെന്നും രാഹുല്‍ പറയുന്നു.
കഴിഞ്ഞ ദിവസം നടന്ന കുന്നോത്ത് പറമ്പ് മേഖലാ സമ്മേളനത്തിലാണ് മുളിയാത്തോട് സ്വദേശി ഷെറിലിനെ രക്തസാക്ഷിയാക്കി അനുശോചനം രേഖപ്പെടുത്തിയത്. 2024 ഏപ്രിൽ അഞ്ചിനായായിരുന്നു പാനൂർ മുളിയത്തോടുവെച്ച് നിർമ്മാണത്തിലുളള ബോംബ് പൊട്ടി ഷെറിൽ കൊല്ലപ്പെട്ടത്. ഒരു വർഷത്തിനിപ്പുറമാണ് ഷെറിലിനെ രക്തസാക്ഷിയായി ഡിവൈഎഫ്‌ഐ അംഗീകരിക്കുന്നത്.
രാഹുലിന്‍റെ കുറിപ്പ്
ബോംബ് നിർമ്മാണത്തിനിടയിൽ കൊല്ലപ്പെട്ട ആളിനെ പറ്റിയാണ് DYFI രക്തസാക്ഷിയാണ് എന്ന് പറഞ്ഞത്. ഇയാൾ എന്തായാലും ബോംബ് നിർമ്മിച്ചത് ഇന്ത്യൻ സേനയ്ക്ക് വേണ്ടിയല്ല, CPM എന്ന കൊലയാളി പാർട്ടിക്ക് വേണ്ടിയാണ്. അപ്പോൾ CPM ബോംബ് നിർമ്മിക്കുന്നുണ്ട് എന്ന് അവർ തന്നെ സമ്മതിക്കുന്നു. ആ ബോംബ് എന്തായാലും അവലേസ് ഉണ്ടയ്ക്ക് പകരം ചായയുടെ കൂടെ കഴിക്കാൻ ഉള്ളത് അല്ലല്ലോ മനുഷ്യരെ കൊല്ലാൻ ഉള്ളത് അല്ലേ. ഇതു കൊണ്ടാണ് കേരളത്തിലെ ഏറ്റവും വലിയ തീവ്രവാദി സംഘം CPM ആണെന്ന് പറയുന്നത്. ഇനി ഈ കൊല്ലപ്പെട്ട ഷെറിൻ ശ്രീമതി KK ശൈലജക്കൊപ്പമുള്ള ഫോട്ടോ പുറത്ത് വന്നപ്പോൾ ശ്രീമതി കെ കെ ശൈലജ പറഞ്ഞത് ഫോട്ടോ എടുത്താൽ പാർട്ടിക്കാരൻ ആകുമോ എന്നാണ്. അപ്പോൾ ശ്രീമതി ശൈലജയുടെ യുക്തി വെച്ച് മരണം വരെ പാർട്ടിക്കാരൻ അല്ലാത്ത ഒരാൾ ഇപ്പോൾ പാർട്ടി രക്തസാക്ഷിയാകണം എങ്കിൽ മരണ ശേഷം ആണോ അയാൾക്ക് മെംബർഷിപ്പ് കൊടുത്തത്? ഈ ശ്രീമതി ശൈലജ ഒക്കെ പച്ചക്ക് കള്ളം പറയുന്ന ആളാണെന്ന് കേരളത്തിന് ബോധ്യമാകുന്ന മറ്റൊരു ഉദാഹരണമാണ് ഇത്.