തിരുവനന്തപുരം കോർപറേഷൻ തിരഞ്ഞെടുപ്പിൽ മുൻ എംഎൽഎ അഡ്വ. കെ.എസ്. ശബരിനാഥൻ കോൺഗ്രസിന്റെ മേയർ സ്ഥാനാർഥി. ശബരിനാഥൻ ഉൾപ്പെടെ പുതുമുഖങ്ങളെ അണി നിരത്തി 48 അംഗ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു. നിയമസഭയിൽ ശബരിനാഥൻ മത്സരിക്കുമോ എന്ന ചോദ്യത്തിന് ജയിച്ചാൽ വാർഡിലെ ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്നായിരുന്നു ജില്ലയിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ള കെ മുരളീധരന്റെ മറുപടി.
രണ്ടും കൽപിച്ച് തിരുവനന്തപുരം കോർപറേഷനിൽ മത്സരത്തിനിറങ്ങുകയാണ് കോൺഗ്രസ്. നിലവിലെ മൂന്നാം സ്ഥാനമെന്ന നാണക്കേട് മറികടക്കാനും പ്രതാപം തിരിച്ചു പിടിക്കാനും തദ്ദേശ തിരഞ്ഞെടുപ്പിൽ കെ പി സി സി ജനറൽ സെക്രട്ടറി കെ എസ് ശബരിനാഥൻ പാർട്ടിയെ നയിക്കും. കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ കവടിയാർ വാർഡിൽ നിന്നാണ് ശബരിനാഥൻ സ്ഥാനാർഥിയാകുന്നത്. കെ മുരളീധരൻ.
കെ എസ് യു ജില്ലാ വൈസ് പ്രസിഡൻ്റ് വൈഷ്ണ സുരേഷ് മുട്ടടയിൽ സ്ഥാനാർഥിയാകും. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നീതു വിജയൻ വഴുതക്കാട് സ്ഥാനാർഥിയാകും. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ട ആളാണ് നീതു . മറ്റൊരു ജനറൽ സെക്രട്ടറിയായ നീതു രഘുവരൻ പാങ്ങപ്പാറയിൽ മത്സരിക്കും. ആശാസമരത്തിലെ സജീവ പ്രവർത്തക എസ് ബി രാജിയാണ് കാച്ചാണിയിൽ മത്സരിക്കുന്നത്. നിലവിൽ എല്‍ഡിഎഫ് ഭരിക്കുന്ന കോർപ്പറേഷനിൽ ഇത്തവണ ബിജെപി കൂടുതൽ കരുത്ത് കാട്ടുമെന്നാണ് കരുതുന്നത്. നിലവിൽ യുഡിഎഫിന് 10 സീറ്റ് മാത്രമുള്ള തിരുവനന്തപുരത്ത് കൂടുതൽ സീറ്റ് പിടിക്കാൻ അരയും തലയും മുറുക്കി ഇറങ്ങുകയാണ് കോൺഗ്രസ്