പി.എം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഒപ്പിടുന്നതിന് മുന്‍പ് ചര്‍ച്ച ചെയ്തില്ല. അതൊരു വീഴ്ചയാണ്. മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ലെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, എസ്.എസ്.കെ ഫണ്ട് കിട്ടാന്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുമായി ഈമാസം പത്തിന് കൂടിക്കാഴ്ച നടത്തുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. പി.എം.ശ്രീയുമായി ബന്ധപ്പെട്ട് മന്ത്രിസഭ ഉപസമിതി ചേരുന്നതും കേന്ദ്രത്തിന് കത്ത് അയയ്ക്കുന്നതും മുഖ്യമന്ത്രിയുമായി ആലോചിച്ച് നടപ്പാക്കും. പി.എം.ശ്രീ വിഷയത്തില്‍ കരാര്‍ മരവിപ്പിച്ചതില്‍ തനിക്ക് യാതൊരു നിരാശയുമില്ല. മുന്നണിക്കുള്ളില്‍ തര്‍ക്കമുണ്ടെന്ന പ്രചരണം മാധ്യമസൃഷ്ടി മാത്രമാണെന്നും വി.ശിവന്‍കുട്ടി തിരുവനന്തപുരത്ത് പറഞ്ഞു.
ഇതിനിടെ പി എം ശ്രീ വിവാദത്തിലെ താൽക്കാലിക പ്രശ്നപരിഹാരത്തിന് ശേഷം ഇടതുമുന്നണിയുടെ ആദ്യ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാൻ ഉണ്ടായ സാഹചര്യം മുഖ്യമന്ത്രി എൽഡിഎഫ് യോഗത്തിൽ വിശദമാക്കിയേക്കും . സിപിഐയിൽ നിന്നുണ്ടായ സമ്മർദ്ദത്തെ തുടർന്നാണ് പി എം ശ്രീ പദ്ധതി സർക്കാരിനെ മരവിപ്പിക്കേണ്ടി വന്നത്. പിഎം ശ്രീ വിഷയത്തിൽ തിരിച്ചടി നേരിട്ടിരിക്കെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നു. പാർട്ടി ജനറൽ സെക്രട്ടറി എംഎ.ബേബിയും യോഗത്തില്‍ പങ്കെടുത്തു.