തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കെ.എസ് ശബരിനാഥിനെ മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. കവടിയാര്‍ വാര്‍ഡില്‍നിന്നാണ് ശബരിനാഥന്‍ മല്‍സരിക്കുക. എല്‍ഡിഎഫ് ഭരിക്കുന്ന കോര്‍പ്പറേഷനില്‍ മുഖ്യപ്രതിപക്ഷമായ ബിജെപിക്കും പിന്നിലാണ് കോണ്‍ഗ്രസ്. പ്രകടനം മെച്ചപ്പെടുത്താന്‍ പ്രധാന മുഖങ്ങളെ മല്‍സരത്തിനിറക്കാന്‍ നീക്കം.
സ്വന്തം വീട് സ്ഥിതി ചെയ്യുന്ന ശാസ്തമംഗലം വാർഡ് വനിതാ സംവരണമായതിനാലാണ് തൊട്ടടുത്ത വാർഡായ കവടിയാറിൽ മത്സരിക്കുന്നത്. മൂന്നാം സ്ഥാനത്തുള്ള കോണ്‍ഗ്രസിന്‍റെ നിലമെച്ചപ്പെടുത്തുകയാണ് ശബരിയുടെ സ്ഥാനാര്‍ഥിത്വത്തിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇതിനൊപ്പം പരമാവധി യുവാക്കൾക്ക് സീറ്റു നൽകിയാകും സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കുക. യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു നേതാക്കളെയും പരിഗണിക്കും. ഇതിനൊപ്പം മണ്ഡലം പ്രസിഡന്റുമാർ അടക്കമുള്ള പരിചയ സമ്പന്നരും പട്ടികയിലുണ്ടാകും.
ശബരിനാഥനെ കൂടാതെ വീണ നായര്‍ പോലുള്ള പ്രമുഖ വ്യക്തികളെ മത്സരിപ്പിക്കാനും കോൺഗ്രസ് ആലോചിക്കുന്നുണ്ട്. കോണ്‍ഗ്രസ് മല്‍സരിക്കുന്നതും തർക്കമില്ലാത്തതുമായ 48 വാർഡുകളിൽ സ്ഥാനാർഥികളെ സംബന്ധിച്ച് തീരുമാനമായിട്ടുണ്ട്. അന്തിമ പ്രഖ്യാപനം ഇന്ന് രാത്രിയോ നാളെയോ ഉണ്ടാകും.
100 വാര്‍ഡുകളുള്ള കോര്‍പ്പറേഷനില്‍ 51 സീറ്റുകളാണ് എല്‍ഡിഎഫിനുള്ളത്. ബിജെപിക്ക് 34 അംഗങ്ങള്‍. 10 ഇടത്താണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ചത്. ഇതില്‍ എട്ടെണ്ണമാണ് കോണ്‍ഗ്രസിന്‍റെ സീറ്റുകള്‍. 2025 ലെ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള നറുക്കെടുപ്പില്‍ 51 വനിതാ സംവരണ വാർഡുകളാണ് കോർപറേഷനിലുള്ളത്. അഞ്ച് വാർഡുകൾ പട്ടികജാതി സ്ത്രീ സംവരണവും നാല് വാർഡുകൾ പട്ടികജാതി സംവരണവുമാണ്.
പിതാവ് ജി. കാർത്തികേയന്റെ നിര്യാണത്തെ തുടർന്നാണ് ശബരിനാഥന്‍ രാഷ്ട്രീയത്തിലെത്തുന്നത്. 2015ലെ ഉപതിരഞ്ഞെടുപ്പിൽ അരുവിക്കര നിയോജകമണ്ഡലത്തിൽ എം. വിജയകുമാറിനെ 10,128 വോട്ടുകൾക്ക് പരാജയപ്പെടുത്തി. 2016ലും വിജയം ആവർത്തിച്ചെങ്കിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന അദ്ദേഹം നിലവില്‍ ജനറൽ സെക്രട്ടറിയാണ്.