നെഹ്റു കുടുംബത്തെ വിമർശിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂരിനെതിരെ ആഞ്ഞടിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. നെഹ്റു കുടുംബം രാജ്യസ്വാതന്ത്ര്യത്തിനായി പോരാടിയവരാണെന്നും അത്തരം പരാമർശം നടത്തുന്നവരോട് സഹതാപം മാത്രമാണെന്നും വേണുഗോപാല്‍ പറഞ്ഞു. കുടുംബാധിപത്യം ചൂണ്ടിക്കാട്ടിയായിരുന്നു തരൂരിന്‍റെ ലേഖനം.
സ്വാതന്ത്ര്യസമരകാലത്ത് ജയിലില്‍ കിടന്നു, രാജ്യത്തിനായി ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ചവരാണ് നെഹ്റു കുടുംബമെന്ന് കെ.സി.വേണുഗോപാല്‍ പറഞ്ഞു. ലേഖനം എന്തിനെന്ന് എഴുതിയവര്‍ തന്നെ പറയട്ടെയെന്ന് അദ്ദേഹം വ്യക്തമാക്കി. കുടുംബവാഴ്ചയ്ക്ക് പകരം കഴിവിനെയാണ് അംഗീകരിക്കേണ്ടത് എന്നായിരുന്നു 'കുടുംബവാഴ്ച ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭീഷണി' എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തില്‍ തരൂരിന്‍റെ വിമർശനം.
ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരടങ്ങുന്ന നെഹ്റു കുടുംബം രാഷ്ട്രീയ നേതൃത്വം ഒരു ജന്മാവകാശം ആണെന്ന ധാരണയ്ക്ക് അടിത്തറയിട്ടെന്ന് തരൂര്‍ പറയുന്നു. ഇത് ഇന്ത്യയിലെ എല്ലാ പാര്‍ട്ടികളിലേക്കും വ്യാപിച്ചു കഴിഞ്ഞെന്നും ശശി തരൂർ ലേഖനത്തില്‍ വിമര്‍ശിക്കുന്നു.