മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖയെ ഉള്‍പ്പടെ മല്‍സരരംഗത്തിറക്കി തിരുവനന്തപുരം കോര്‍പറേഷനില്‍ ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പ്രഖ്യാപനം. നിലവിലെ കൗണ്‍സിലര്‍മാരില്‍ ഭൂരിഭാഗത്തിനും വീണ്ടും സീറ്റുനല്‍കിയപ്പോള്‍ കോണ്‍ഗ്രസ് വിട്ടുവന്ന മൂന്നുപേരും സ്ഥാനാഥിപ്പട്ടികയില്‍ ഇടംപിടിച്ചു. അതേസമയം, സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കൂട്ടുചര്‍ച്ച നടത്തിയില്ലെന്നാരോപിച്ച ബി.ഡി.ജെ.എസ് നാളെ 20 സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കി.
തിരുവനന്തപുരം കോര്‍പറേഷനിലെ ശാസ്തമംഗലം വാര്‍ഡിലാണ് മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ മല്‍സരിക്കുന്നത്. പൊലീസിലായിരുന്നപ്പൊഴും ജനസേവനം തന്നെയാണ് ചെയ്തുകൊണ്ടിരുന്നതും ആ അനുഭവം മുതല്‍ക്കൂട്ടാകുമെന്നും ശ്രീലേഖ മനോരമ ന്യൂസിനോട് പ്രതികരിച്ചു.
കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ സ്പോര്‍ട് കൗണ്‍സില്‍ മുന്‍ പ്രസിഡന്‍റുകൂടിയായ പത്മിനി തോമസ് പാളയത്തും കെ.മഹേശ്വരന്‍ നായര്‍ പുനയ്ക്കാമുകളിലും തമ്പാനൂര്‍ സതീഷ് തമ്പാനൂരില്‍ മല്‍സരിക്കും. ഏറ്റവും പ്രായംകൂടി കൗണ്‍സിലറായ പി. അശോക് കുമാര്‍ പേട്ടയില്‍ വീണ്ടും മല്‍സരിക്കും. ബി.ജെ.പി മുന്‍ ജില്ലാ അധ്യക്ഷന്‍ വി.വി. രാജേഷ് കൊടുങ്ങാനൂരിലാണ് മല്‍സരിക്കുക. സിറ്റിങ് കൗണ്‍സിലര്‍മാരില്‍ ഏറെപ്പേരും ഇത്തവണയും മല്‍സരരംഗത്തുണ്ടാകും. കോണ്‍ഗ്രസ് മേയര്‍ സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്ന കെ.എസ്. ശബരീനാഥന്‍ മല്‍സരിക്കുന്ന കവടിയാറില്‍ ഉള്‍പ്പടെ രണ്ടാംഘട്ട പട്ടിക നാളെയോ മറ്റന്നാളോ പ്രഖ്യാപിക്കും