മധ്യപ്രദേശിലെ സ്കൂളില്‍ കുട്ടികള്‍ക്ക് കടലാസില്‍ ഉച്ചഭക്ഷണം നല്‍കിയത് വിവാദമായതോടെ തലയൂരാന്‍ തകൃതിയിലുള്ള നടപടികളുമായി ബി.ജെ.പി. സ്കൂളിലേക്ക് സ്റ്റീല്‍ പ്ലേറ്റുകളെത്തിച്ചു. ബി.ജെ.പി നേതാവും മുന്‍ മന്ത്രിയുമായ രാംനിവാസ് റാവത്ത് വിദ്യാർത്ഥികളോടൊപ്പം ഉച്ചഭക്ഷണം കഴിച്ചു. കാരണക്കാരെ പിരിച്ചുവിടാനടക്കം കര്‍ശന നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.
മധ്യപ്രദേശ് ഷിയോപൂർ ജില്ലയിലെ സര്‍ക്കാര്‍ സ്കൂളിലെ കുട്ടികള്‍ക്കാണ് കഴിഞ്ഞദിവസം കടലാസില്‍ ഉച്ചഭക്ഷണം വിളമ്പിയത്. കുട്ടികളുടെ ദുരവസ്ഥയുടെ ദൃശ്യങ്ങളില്‍ രാജ്യമാകെ പ്രതിഷേധ സ്വരങ്ങളുയര്‍ന്നു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുള്‍പ്പെടെ രൂക്ഷ വിമര്‍ശനമുന്നയിച്ചു. പിന്നാലെയാണ് സര്‍ക്കാരിന്‍റെയും ബി.ജെ.പിയുടെയും മുഖംമിനുക്കല്‍ നീക്കം. സ്കൂളിലേക്ക് സ്റ്റീല്‍ പ്ലേറ്റുകളെത്തിച്ച് കുട്ടികള്‍ക്ക് ഭക്ഷണം നല്‍കി.
ബിജെപി നേതാവും സംസ്ഥാനത്തെ മുന്‍ മന്ത്രിയുമായ രാംനിവാസ് റാവത്തും സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഹുള്ളാപൂരിലെ വിദ്യാർത്ഥികളോടൊപ്പം ഉച്ചഭക്ഷണം കഴിച്ചു. മനുഷ്യത്വരഹിതമായ സംഭവമാണുണ്ടായതെന്നും താന്‍ അങ്ങേയറ്റം ദുഃഖിതനാണെന്നും ചിത്രങ്ങള്‍ എക്സില്‍ പങ്കുവച്ച രാംനിവാസ് റാവത്ത് കുറിച്ചു. സ്കൂളിൽ ഭക്ഷണം വിളമ്പുന്നതിനുള്ള പാത്രങ്ങൾ ഉണ്ടായിരുന്നെങ്കിലും അവ ഉപയോഗിക്കാറില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി, ഈ ഗുരുതര വിഴ്ചക്ക് കാരണക്കാരയവരെ പിരിച്ചുവിടുന്നതടക്കം കർശന നടപടിക്ക് നിർദ്ദേശം നൽകിയതായും അദ്ദേഹം പറഞ്ഞു