തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ വി.ഐ.പികളെ രംഗത്തിറക്കാന്‍ ബി.ജെ.പി. മുന്‍ ഡി.ജി.പി ആര്‍.ശ്രീലേഖ, സംസ്ഥാന നേതാവ് ജെ.ആര്‍.പത്മകുമാര്‍ ഉള്‍പ്പടെയുള്ളവരെയാണ് പരിഗണിക്കുന്നത്. എന്നാല്‍ മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍ മേയര്‍ സ്ഥാനാര്‍ഥിയാകുമെന്ന പ്രചാരണം ശരിയല്ലെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി എസ്.സുരേഷ് മനോരമ ന്യൂസിനോട് പറഞ്ഞു.
ഇത്തവണത്തെ ബി.ജെ.പിയുടെ വലിയ സ്വപ്നവും പ്രതീക്ഷയുമാണ് തലസ്ഥാനത്തെ കോര്‍പ്പറേഷന്‍ ഭരണം. രണ്ട് തവണയായി മുഖ്യപ്രതിപക്ഷമായ ബി.ജെ.പിക്ക് നിലവിലെ വാര്‍ഡ് നിലനിര്‍ത്തുന്നതിനൊപ്പം 15 ഇടം അധികമായി ജയിക്കണം സ്വപ്നം പൂവണിയാന്‍. രാജീവ് ചന്ദ്രശേഖര്‍ നേരിട്ട് ചുക്കാന്‍ പിടിക്കുന്ന തിരഞ്ഞെടുപ്പില്‍–ഇതാ ഞങ്ങള്‍ ജയിക്കാന്‍ പോകുന്നൂവെന്ന പ്രതീതി സൃഷ്ടിക്കാനാണ് സംസ്ഥാന നേതാക്കളെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിക്കുന്നത്.
വി.വി.രാജേഷ് വീണ്ടും മല്‍സരിച്ചേക്കും. കൂടാതെ ജെ.ആര്‍.പത്മകുമാറിനെയും പരിഗണിക്കുന്നുണ്ട്. അടുത്തിടെ ബി.ജെ.പിയുടെ ഭാഗമായ ആര്‍.ശ്രീലേഖയ്ക്ക് ഏതാനും വാര്‍ഡുകളുടെ ചുമതലകൊടുത്തു. അത്യാവശ്യമെങ്കില്‍ മല്‍സരരംഗത്തും ഇറക്കും. ശ്രീലേഖയ്ക്ക് സമ്മതമാണങ്കില്‍ മാത്രം. ജി.കൃഷ്ണകുമാറിനും വാര്‍ഡുകളുടെ ചുമതലയുണ്ട്. കൃഷ്ണകുമാര്‍ മല്‍സരത്തിനിറങ്ങിയാലും അല്‍ഭുതപ്പെടാനില്ല. എന്നാല്‍ വി.മുരളീധരന്‍ മല്‍സരിക്കില്ലെന്ന് ഉറപ്പിച്ചു.
വാര്‍ഡുകളില്‍ നിന്ന് മികച്ച സ്ഥാനാര്‍ഥികളെ കണ്ടെത്താനാണ് ശ്രമം. ഈ പട്ടിക അഞ്ചിന് പൂര്‍ത്തിയാകും. കടുത്ത മല്‍സരം നടക്കുന്ന വാര്‍ഡുകളില്‍ പ്രാദേശിക സ്ഥാനാര്‍ഥികള്‍ പോരെന്ന് വന്നാലാണ് നേതാക്കളെ ഇറക്കുന്നത്.