മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കി. മനോരമന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അബിന്‍ വര്‍ക്കിയുടെ പ്രതികരണം.
രാഹുലിനെതിരായ ആരോപണങ്ങളില്‍ വ്യക്തത ഇല്ലെന്നും എന്നാല്‍ കോണ്‍ഗ്രസ് നടപടിയെടുത്തെന്നും പറഞ്ഞ അബിന്‍ രാഹുല്‍ എന്നും കോണ്‍ഗ്രസിന് മുതല്‍ക്കൂട്ടായിരുന്നെന്നും കൂട്ടിച്ചേര്‍ത്തു. സിപിഎമ്മില്‍ ഇത്തരം ആരോപണങ്ങള്‍ നേരിടുന്നവര്‍ക്കെതിരെ ഇപ്പോഴും നടപടിയെടുത്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഹുല്‍ ആവശ്യപ്പെടുന്ന സാഹചര്യത്തിലോ തിരഞ്ഞെടുപ്പിന്‍റെ സമയത്തോ ആ തീരുമാനം പുനഃപരിശോധിക്കേണ്ടി വന്നാല്‍ നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്നും അബിന്‍ കൂട്ടിച്ചേര്‍ത്തു.
അബിന്‍ വര്‍ക്കിയുടെ വാക്കുകള്‍
രാഹുല്‍ എന്നും കോണ്‍ഗ്രസിന് മുതല്‍ക്കൂട്ടായിരുന്നു. അദ്ദേഹത്തിനെതിരായി ചില ആരോപണങ്ങള്‍ വന്നു. ആരോപണങ്ങളില്‍ ഇപ്പോഴും വ്യക്തതയൊന്നും വന്നിട്ടില്ല. പക്ഷേ ഒരു ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനം എപ്പോഴും സ്ത്രീപക്ഷ രാഷ്ട്രീയം മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ പാര്‍ട്ടി നേതൃത്വം കൂടിയാലോചിച്ച് ഒരു തീരുമാനം എടുത്തു. ആ സമയത്ത് തന്നെ ഇടതുപക്ഷത്ത് സമാനമായ ആരോപണങ്ങള്‍ നേരിട്ടിട്ട് ഒരു നടപടിയും എടുക്കാതെ ഇപ്പോഴും സുഖലോലുഭമായി ജീവിക്കുന്നവരുണ്ട്. പക്ഷേ ഉയര്‍ന്ന മൂല്യബോധമുള്ള ധാര്‍മ്മിക ബോധമുള്ള കോണ്‍ഗ്രസ് പാര്‍ട്ടി ഒരു തീരുമാനമെടുത്തു. ആ തീരുമാനത്തിലാണ് ഇപ്പോഴും മുന്നോട്ട് പോകുന്നത്. ഇനി രാഹുല്‍ ആവശ്യപ്പെടുന്ന സാഹചര്യത്തിലോ തിരഞ്ഞെടുപ്പിന്‍റെ സമയത്തോ ആ തീരുമാനം പുനഃപരിശോധിക്കണമെന്ന് പറഞ്ഞാല്‍ നേതൃത്വം ആ സമയത്ത് ഉചിതമായ തീരുമാനമെടുക്കും.