ഇന്ത്യയിൽ ആദ്യമായി വോൾവോ 9600 SLX ബസ് കെ.എസ്.ആര്‍.ടി.സി സ്വന്തമാക്കി എന്ന ഗതാഗത മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലെ അവകാശവാദം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല രംഗത്ത്.
മന്ത്രിയുടെ അവകാശവാദത്തെ 'ഇതെന്തൊരു തള്ളാണ് മന്ത്രി ഏമാനേ......' എന്ന് ചോദ്യം ചെയ്താണ് ജ്യോതികുമാർ ചാമക്കാല മറുപടി നൽകിയിരിക്കുന്നത്. മന്ത്രിയുടെ അവകാശവാദം തെറ്റാണെന്ന് സ്ഥാപിക്കുന്നതിനുള്ള വസ്തുതകൾ അദ്ദേഹം വ്യക്തമാക്കുന്നു.
വോൾവോ കമ്പനിയുടെ 2024 ജനുവരി 29-ലെ പത്രക്കുറിപ്പ് പ്രകാരം ഒഡീഷ സർക്കാർ 122 വോൾവോ 9600 SLX മൾട്ടി ആക്സിൽ ബസുകൾക്കാണ് ഓർഡർ നൽകിയത്. 2024 ഡിസംബർ 15-ന് ഗുജറാത്ത് സർക്കാർ 10 വോൾവോ ബസുകൾ (L കാറ്റഗറി) നിരത്തിലിറക്കി. പശ്ചിമ ബംഗാൾ ഉൾപ്പെടെ മറ്റ് സംസ്ഥാന RTC-കളും ഇത്തരം വോൾവോ ബസുകൾ വാങ്ങിയിട്ടുണ്ട്. വോൾവോയുടെ തന്നെ 2020 ഓഗസ്റ്റ് 8-ലെ പത്രക്കുറിപ്പ് പ്രകാരം, അന്ന് മാർക്കറ്റിൽ ലഭ്യമായ മുന്തിയ ഇനം 8 വോൾവോ സ്ലീപ്പർ ബസുകൾക്ക് KSRTC ഓർഡർ നൽകിയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യമായി വോൾവോ ബസ് സ്വന്തമാക്കിയത് കേരളമാണെന്ന മന്ത്രിയുടെ അവകാശവാദം വസ്തുതാപരമായി തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജ്യോതികുമാർ ചാമക്കാല ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.