പിഎം ശ്രീ വിവാദത്തിൽ പോസ്റ്റുമോർട്ടത്തിന് ഇല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. എന്താണ് ശരി, എന്താണ് തെറ്റ് എന്ന് പോസ്റ്റുമോർട്ടം നടത്തുന്നതിൽ പ്രസക്തിയില്ല. ചർച്ച നടത്തുന്നതിന് മുമ്പ് ഒപ്പിടേണ്ടി വന്നത് ഒഴിവാക്കണമായിരുന്നു. ഇപ്പോള്‍ ഒരു ഉപസമിതിയെ പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പിട്ടത് കേന്ദ്ര നേതൃത്വം പരിശോധിക്കില്ല. ഭാവിയിൽ കൂടുതൽ ജാഗ്രത പുലർത്തും. പ്രകാശ് ബാബു ഉത്തമനായ സുഹൃത്താണെന്നും പ്രകാശ് ബാബുവും താനും തമ്മിൽ അഭിപ്രായ വ്യത്യാസമോ തെറ്റിദ്ധാരണയോ ഇല്ലെന്നും ബേബി ചെന്നൈയില്‍ പറഞ്ഞു.
പിഎം ശ്രീയിൽ വഴങ്ങിയതിന് പിന്നാലെ സി.പി.ഐക്കെതിരെ പരിഭവവുമായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി രംഗത്തെത്തി. മന്ത്രി ജി ആർ അനിലിന്റെ വാക്കുകൾ വേദനയുണ്ടാക്കിയെന്ന് വി. ശിവൻകുട്ടി പറഞ്ഞു. AIYF ഉം AISF ഉം തന്റെ കോലം കത്തിച്ചതിലും മന്ത്രി പരിഭവം തുറന്ന് പറഞ്ഞു. പ്രശ്നം അവസാനിപ്പിക്കാൻ സി.പി.ഐ തീരുമാനിച്ചതിന് പിന്നാലെ പ്രകാശ് ബാബുവും AIYF ഉം ഖേദം പ്രകടിപ്പിച്ചു.
പിഎം ശ്രീ വിഷയത്തിലെ വിമര്‍ശങ്ങളില്‍ വിദ്യാഭ്യാസമന്ത്രിക്ക് വേദനിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു എന്നാണ് എഐവൈഎഫ് പറഞ്ഞത്. മന്ത്രിയുടെ ജാഗ്രതക്കുറവാണ് ചൂണ്ടിക്കാണിച്ചതെന്നും എഐവൈഎഫ് വ്യക്തമാക്കി. പി.എം.ശ്രീയിലെ തര്‍ക്കത്തിനിടെ, മന്ത്രി ജി.ആര്‍.അനിലിന്റെ വാക്കുകള്‍ വേദനയുണ്ടാക്കിയെന്നും ശിവന്‍കുട്ടി പറഞ്ഞു. എം.എ.ബേബിയെക്കുറിച്ച് പ്രകാശ് ബാബു പറഞ്ഞതും വിഷമമുണ്ടാക്കുന്ന കാര്യമാണ്. എഐവൈഎഫ്, എവൈഎസ്എഫ് സംഘടനകള്‍ മാര്‍ച്ച് നടത്തി കോലം കത്തിച്ചതിലും മന്ത്രി നീരസം പ്രകടിപ്പിച്ചിരുന്നു.