പിഎം ശ്രീയെ ചൊല്ലി ഇടതുമുന്നണിയിലുണ്ടായ രൂക്ഷമായ അഭിപ്രായഭിന്നതയിൽ നിന്നും ഒറ്റയടിക്ക് രാഷ്ട്രീയ ചർച്ചകളെ ക്ഷേമപദ്ധതികളിലേക്ക് വഴിതിരിച്ചുവിട്ട് മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങൾ. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള പ്രഖ്യാപനങ്ങളെ പരിഹസിച്ച് പ്രതിപക്ഷം രംഗത്തുവന്നപ്പോൾ നടപ്പാക്കിക്കാണിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഭരണപക്ഷം. പദ്ധതികൾ നടപ്പാക്കാൻ വർഷം പതിനായിരം കോടിരൂപ അധികം വേണ്ടിവരും. ഇതെവിടെനിന്ന് കണ്ടെത്തുമെന്ന ചോദ്യം ബാക്കി.
മൂന്നാംഊഴം സ്വപ്നം കാണുന്ന ഇടതുമുന്നണിക്കും അണികൾക്കും ആത്മവിശ്വാസം പകരുന്നതാണ് ക്ഷേമ പെൻഷൻ വർദ്ധിപ്പിച്ചതടക്കമുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങൾ. എന്നാൽ, തിരഞ്ഞെടുപ്പുകൾക്ക് തൊട്ടുമുമ്പുള്ള പ്രഖ്യാപനങ്ങൾ ജനങ്ങളെ കബളിപ്പിക്കാനാണെന്നാണ് പ്രതിപക്ഷത്തിന്‍റെ വിമർശനം.
"സർക്കാർ കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാൻ നോക്കരുതെന്നായിരുന്നു പ്രഖ്യാപനങ്ങളോടുള്ള പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ പ്രതികരണം. ക്ഷേമപെന്‍ഷന്‍ ഇനത്തില്‍ നാലരകൊല്ലത്തിനിടെ കൂട്ടിയത് കേവലം 400 രൂപയാണ് . ക്ഷേമനിധി പെൻഷൻ മുടങ്ങിക്കിടക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
മോദിയെ അനുകരിച്ച് തിരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് പിണറായി വിജയന്‍റെ ശ്രമമെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. വാഗ്ദാനങ്ങൾ തിരഞ്ഞെടുപ്പ് കുതന്ത്രമെന്ന് സണ്ണി ജോസഫും പ്രതികരിച്ചു.
എന്നാല്‍ വിമർശനങ്ങളെ തള്ളിക്കളയുകയാണ് ഭരണപക്ഷം. "എല്ലാ പ്രഖ്യാപനങ്ങളെയും പ്രതിപക്ഷം വിമർശിക്കാറുണ്ട്. പറഞ്ഞത് പ്രവർത്തിക്കും; പ്രവർത്തിക്കാൻ പറ്റുന്നത് പറയും എന്നായിരുന്നു മന്ത്രി വി.എന്‍ വാസവന്‍റെ മറുപടി. സർക്കാർ പ്രഖ്യാപനത്തിൽ അഭിമാനമുണ്ട്. ഇത് തിരഞ്ഞെടുപ്പ് സ്റ്റണ്ടല്ലെന്ന് മന്ത്രി ജെ. ചിഞ്ചുറാണിയും പ്രതികരിച്ചു.
ക്ഷേമപദ്ധതികളില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അത് നടപ്പാക്കാനുള്ള വഴി സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ സാമ്പത്തിക വർഷം ക്ഷേമപെൻഷൻ കുടിശികയും ഡി.എ., ഡി.ആർ. കുടിശികയും കൊടുക്കാൻ പയറ്റിയ പ്ലാൻ ബി തന്നെ പുറത്തെടുക്കാനാണ് സാധ്യത. അതായത്, പദ്ധതി വിഹിതത്തിൽ കടുംവെട്ട് നടത്തി ആ തുക പ്രഖ്യാപനങ്ങൾ നടപ്പാക്കാൻ വിനിയോഗിക്കും.